
സന്നിധാനം: ശബരിമലയുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഒരു വിധിയായിരിക്കും ശബരിമല അന്തിമ വിധിയെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരന്‍. അയ്യപ്പഭക്തര്‍ക്ക് വേണ്ട കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നല്‍കും. ശബരിമല ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കപ്പെടണമെന്ന ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായത് സ്വാഗതാര്‍ഹമെന്നും അതു കൊണ്ടു തന്നെയാണ് ഈ തീര്‍ത്ഥാടന കാലം സുഗമമായി പോകാന്‍ സാഹചര്യമൊരുങ്ങിയതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ പദ്ധതി നടപ്പിലാക്കുന്നതിന് വനം ഭൂമി കൂടുതലായി വിട്ടു നല്‍കേണ്ടതുണ്ട്. ഇക്കാര്യം കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്യും.
ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ശബരിമലയെ പ്രഖ്യാപിക്കുന്നതിന് നിയമനിര്‍മാണം ആവശ്യമാണ്. അതിനാവശ്യമായ പദ്ധതി സമര്‍പ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാര്‍ അതിന് തയാറായാല്‍ അനുകൂലമായ നിലപാടാകും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും വി മുരളീധരന്‍ വ്യക്തമാക്കി. തന്ത്രി, മേല്‍ശാന്തി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങി മാളികപ്പുറത്തമ്മയെയും ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മലയിറങ്ങിയത്.
Post Your Comments