Latest NewsKeralaNews

ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനവും നഷ്ടമായതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവലിഞ്ഞ് പി.ജയരാജൻ

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സി.പി.എം. പ്രതിഷേധവേദികളില്‍ സംസ്‌ഥാനസമിതിയംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. നിയമത്തിനെതിരേ നടന്ന ന്യൂനപക്ഷ സെല്‍ മാര്‍ച്ചിലും ജയരാജനുണ്ടായിരുന്നില്ല. സമീപകാലത്തു പാര്‍ട്ടി സംഘടിപ്പിച്ച ഏറ്റവും വലിയ പരിപാടിയായിരുന്നു ഇത്‌. എന്നാൽ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്ന ജയരാജൻ ഐ.ആര്‍.പി.സി. കാരുണ്യക്കൂട്ടായ്‌മയുടെ ഭാഗമായി സാന്ത്വനപരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഐ.ആര്‍.പി.സിയുടെ നേതൃത്വത്തില്‍, ശബരിമല തീര്‍ഥാടകര്‍ക്കു വിശ്രമത്തിനും ഭക്ഷണത്തിനും സൗകര്യങ്ങളൊരുക്കുന്നുമുണ്ട്‌. അയ്യപ്പന്മാര്‍ക്കുള്ള ഹെല്‍പ്‌ ഡെസ്‌ക്കിന് പുറമേ ആര്‍.എസ്‌.എസിനെ അവരുടെ ശൈലിയില്‍ നേരിടുകയെന്ന ലക്ഷ്യത്തോടെയുള്ള യോഗാപരിശീലനം പോലുള്ള പരിപാടികളിലും ജയരാജനും ഐ.ആര്‍.പി.സിയും സജീവമാണ്‌.

രാജ്യം സജീവമായി ചർച്ച ചെയത് പൗരത്വനിയമത്തിനെതിരേ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ മാത്രമാണു പി. ജയരാജന്റെ ഇതുവരെയുള്ള പ്രതികരണം. കേന്ദ്രവും സംസ്ഥാനവും നേരിട്ട് ഏറ്റുമുട്ടുന്ന വിഷയത്തിൽ പിണറായി വിജയനെ പിന്തുണച്ച് പരസ്യമായ പ്രസ്താവനകൾ ഒന്നും ജയരാജന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ജില്ലാ സെക്രട്ടറി സ്‌ഥാനം നഷ്‌ടപ്പെടുകയും ചെയ്‌തശേഷം പാര്‍ട്ടിയില്‍ ഇടപെട്ട ആന്തൂര്‍, സി.ഒ.ടി. നസീര്‍ വിഷയങ്ങളില്‍ ജയരാജനു തിരിച്ചടി നേരിട്ടിരുന്നു. നിലവില്‍ മറ്റു പാര്‍ട്ടി ചമതലകളില്ലാത്തതിനാല്‍ ഐ.ആര്‍.പി.സിയില്‍ മാത്രമാണു ശ്രദ്ധ. ഒഴിവ് സമയങ്ങൾ വായനയ്‌ക്കായും നീക്കിവയ്‌ക്കുകയാണ് അദേഹം.

shortlink

Related Articles

Post Your Comments


Back to top button