തിരുവനന്തപുരം: സംസ്ഥാനത്ത് മള്‍ട്ടിപ്ലക്‌സ് കെട്ടിടങ്ങളുടെ ഉയരപരിധിയില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍. പ്രമുഖ മാളിനെ സഹായിക്കാനെന്ന് ആക്ഷേപം. മള്‍ട്ടിപ്ലക്‌സുകളുള്ള കെട്ടിടങ്ങളുടെ ഉയരപരിധി 30 മീറ്ററില്‍ നിന്നും 50 മീറ്ററാക്കി ഉയര്‍ത്തി ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍. പൂട്ടിക്കിടന്ന കൊച്ചിയിലെ വ്യവസായ ഗ്രൂപ്പിന്റെ മള്‍ട്ടിപ്ലക്‌സ് തുറക്കാനാണിതെന്നാണ് ആക്ഷേപം. അതേസമയം, ഉയരത്തില്‍ വ്യക്തത വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശമുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
മള്‍ട്ടിപ്ലക്‌സുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നിങ്ങനെയുള്ള ബഹുനില മന്ദിരങ്ങള്‍ മുന്‍സിപ്പാലിറ്റി ചട്ട പ്രകാരം അസംബ്ലി വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരുന്നത്. ദേശീയ ബില്‍ഡിംഗ് കോഡ് പ്രകാരം 30 മീറ്ററാണ് ഇത്തരം കെട്ടിടങ്ങളുടെ ഉയരപരിധി. പക്ഷെ അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി. അസംബ്ലി വിഭാഗത്തില്‍ നിന്നും മള്‍ട്ടിപ്ലക്‌സുകളെ മാറ്റി പ്രത്യേക വിഭാഗമാക്കി. ഇവയുടെ ഉയരം 50 മീറ്ററുമാക്കി. മുന്‍സിപ്പാലിറ്റി ചട്ടത്തിലെ ഈ ഭേദഗതി കൊച്ചിയിലെ സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിനെ സഹായിക്കാനാണെന്നാണ് ആക്ഷേപം.
അഗ്‌നിശമനസേനയുടെ സുരക്ഷാ ഓഡിറ്റില്‍ മാളിലെ മള്‍ട്ടിപ്ലക്‌സിന്റെ ഉയരം 30 മീറ്ററില്‍ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ജില്ലാ ഭരണകൂടം മള്‍ട്ടിപ്ലക്‌സ് പൂട്ടി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. ഇളവിനായി അഗ്‌നിശമന സേനയെ നിരവധി തവണ സമീപിച്ചെങ്കിലും സുരക്ഷാ കാരണം മുന്‍നിര്‍ത്തി അനുമതി നിഷേധിച്ചു. ഇതിനിടെ കെട്ടിട ഉടമകള്‍ ഡിവിഷന്‍ ബെഞ്ചിന് സമീപിച്ചതിനിടെയാണ് സര്‍ക്കാറിന്റെ കൈ സഹായം.
Post Your Comments