ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം അവസാനിച്ചതിനെത്തുടർന്ന് ജാമിയ മിലിയ സർവകലാശാല ജനുവരി ആറിന് തുറക്കും. അധികൃതർ നടത്തിയ ചർച്ചകൾക്കൊടുവിൽ സർവകലാശാല വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായി.
ഡിസംബർ 14നാണ് ജാമിയ മിലിയ അടക്കുന്നത്. സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിരുന്നു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല വൃത്തങ്ങൾ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന വിദ്യാർത്ഥി പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു.
ക്യാമ്പസിൽ നിന്ന് പാർലമെന്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. പൊലീസ് ലാത്തിചാർജിലും ടിയർ ഗ്യാസ് പ്രയോഗത്തിലും നിരവധി വിദ്യാർത്ഥിതകൾക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാല അടച്ചിടാൻ തീരുമാനമെടുത്തത്.
അതേസമയം, പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കേരളത്തിൽ റാലി നടത്താൻ ബിജെപി തീരുമാനിച്ചു . കേന്ദ്ര മന്ത്രി അമിത് ഷാ റാലിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. മലബാറില്‍ റാലി നടത്താനാണ് നേതൃത്വം ആലോചിക്കുന്നത്. ഇതിനായി ഈ മാസം 15ന് ശേഷം അമിത് ഷാ കേരളത്തിൽ എത്തുമെന്നാണ് വിവരം. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധങ്ങൾ ഉണ്ടായതോടെയാണ് നിയമത്തിന് അനുകൂലമായ പ്രചാരണം നടത്താൻ ബി.ജെ.പിയും ആര്‍.എസ്.എസും തീരുമാനിച്ചത്.
Post Your Comments