കൊച്ചി: മരട് മഹാ ഫ്ലാറ്റ് സ്ഫോടനം നടക്കാൻ ഇനി ദിവസങ്ങൾ മാത്രം. മുൻ നിശ്ചയിച്ച ക്രമപ്രകാരം തന്നെ ഫ്ലാറ്റുകള്‍ പൊളിക്കും. നിലവിലെ തീരുമാനം പോലെ 11ാം തീയതി രാവിലെ 11ന് എച്ച്2ഒ ഹോളിഫെയ്ത്തും 11.30ന് ആല്‍ഫാ സെറീനും പൊളിക്കും. പിറ്റേന്ന് ജെയിൻ കോറല്‍ കോവിം ഗോള്‍ഡൻ കായലോരവും. ഇന്നുമുതൽ ഫ്ലാറ്റുകളിൽ സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങും.
അന്നേ ദിവസങ്ങളില്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. ഫ്ലാറ്റുകളുടെ സമീപത്തുള്ള രണ്ടായിരത്തിലധികം ആളുകളെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെ എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
ഫ്ലാറ്റുകളിലെ സ്ഫോടനങ്ങള്‍ മൂലം സമീപവീടുകളില്‍ ഉണ്ടാകുന്ന പ്രകമ്പനത്തിന്‍റെ തോത് അളക്കാന്‍ മരടിലെ പത്തിടങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കും. മദ്രാസ് ഐഐടിയിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോക്ടര്‍ എ ഭൂമിനാഥിന്‍റെ നേതൃത്വത്തിലാണ് വിദ്ഗദ സംഘം മരടിലെത്തിയത്.
മരടിലെ വീടുകളുടെ ഘടനാപരമായ ഓഡിറ്റിംഗിന്‍റെ റിപ്പോര്‍ട്ടുകള്‍ സംഘത്തിന് കൈമാറി. കെട്ടിടങ്ങളുടെ പഴക്കം, മണ്ണിന്‍റെ സ്വഭാവം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് പ്രകമ്പനത്തിന്‍റെ തോതിലും വ്യത്യാസമുണ്ടാകുമെന്ന് ഡോക്ടര്‍ ഭൂമിനാഥന്‍ വ്യക്തമാക്കി.
അതേസമയം ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്‍റെ അന്തിമ ഒരുക്കങ്ങള്‍ വിലയിരുത്താനായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
ജനവാസം കൂടിയ പ്രദേശത്തുള്ള ഹോളിഫെയ്ത്തും ആല്‍ഫാ സെറീനും പൊളിക്കുന്നത് രണ്ടാം ദിവസത്തിലേക്ക് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം തള്ളുകയായിരുന്നു. ഈ ദിവസങ്ങളില്‍ രാവിലെ9 മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. 30 മിനിറ്റ് മുമ്പും അഞ്ച് മിനിറ്റ് മുമ്പും ഒരു മിനിറ്റ് മുമ്പും സൈറണുകള്‍ മുഴക്കും. 5 മിനിറ്റ് മുമ്പ് ദേശീയപാതയില്‍ കുണ്ടന്നൂര്‍ ഭാഗത്ത് ഉള്‍പ്പെടെ വാഹനങ്ങള്‍ കടത്തിവിടില്ല.
Post Your Comments