ഉദുമ: കേന്ദ്ര രഹസ്യാന്വേഷണവിഭാഗം ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് ബ്യൂറോയിലെ ഇന്‍സ്പെക്ടറും ആലപ്പുഴ കായംകുളം ഗോവിന്ദമുട്ടം ഫാത്തിമമന്ദിരത്തില് ഡോ. റിജോ ആഗ്നേയല്‍ ഫ്രാന്‍സിസ്(36) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കാറിനുള്ളില്‍ വച്ചാണ് ഡോ. റിജോയുടെ മരണം സംഭവിച്ചത്. ഹോമിയോ മെഡിസിന് ബിരുദധാരിയായ റിജോ കുറച്ച് നാളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച രാത്രി 11.40-ഓടെ ചന്ദ്രഗിരി റൂട്ടില്‍ ബേക്കല്‍ ജങ്ഷനുസമീപം നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നാണ് മരിച്ച നിലയില്‍ കിടക്കുന്ന റിജോയെ കണ്ടെത്തിയത്. കാര്‍ കിടക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുക ആയിരുന്നു. സ്റ്റാര്‍ട്ട് ചെയ്തിരുന്ന കാറില്‍ ഇന്‍ഡിക്കേറ്ററും പ്രവര്‍ത്തിച്ചിരുന്നു. കാഞ്ഞങ്ങാട്ടുനിന്ന് കാസര്‍കോട്ടേക്കുള്ള ദിശയിലായിരുന്നു കാര്‍. വിവരമറിഞ്ഞെത്തിയ ബേക്കല്‍ പൊലീസ് ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കുറച്ചുനാളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞകൊല്ലം ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹത്തിന് ഈ വര്‍ഷം ഒന്നുകൂടി ചെയ്യേണ്ടിവരുമെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നതായി ബേക്കല്‍ പൊലീസ് അറിയിച്ചു.
Post Your Comments