കോട്ടയം:: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പരാതി ബോധിപ്പിക്കാനെത്തിയ ഗവേഷക വിദ്യാര്‍ഥിനിയെ പൊലിസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. നാനോ ടെക്നോളജി ഗവേഷണ വിദ്യാര്‍ത്ഥി ദീപ മോഹനെയാണ് പോലീസ് ബലമായി കസ്റ്റഡിയിലെടുത്ത് ഗാന്ധിനഗര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദലിത് വിദ്യാര്‍ഥിയായതിനാല്‍ ഗവേഷണം പൂര്‍ത്തിയാക്കാന്‍ ലാബ് സൗകര്യം അടക്കമുള്ളവ വി.സി അനുവദിക്കില്ലെന്ന പരാതി പറയാനായിരുന്നു ദീപയെത്തിയത്. നാനോ ടെക്നോളജി വകുപ്പില്‍ രഹസ്യസന്ദര്‍ശനത്തിനായി ഇന്ന് കാംപസില്‍ എത്തുന്നതറിഞ്ഞാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കാനായി പെണ്‍കുട്ടി ഇവിടെ എത്തിയത്. എന്നാല്‍, പൊലിസ് പെണ്‍കുട്ടിയെബലം പ്രയോഗിച്ച് കസ്റ്റഡിലെടുത്ത് കരുതല്‍ തടങ്കലിലാക്കുകയായിരുന്നു. ഗാന്ധി നഗര്‍ സ്റ്റേഷനിലെത്തിയ ദീപയുടെ കൈക്ക് പിടിച്ച് പൊലിസ് വലിച്ചിഴച്ചിക്കുകയായിരുന്നു. ദീപ അലമുറയിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേസമയം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വലിയ സുരക്ഷയാണ് എം.ജി സര്‍വകലാശാലയില്‍ ഒരുക്കിയിരുന്നത്. ഗവര്‍ണര്‍ പ്രസംഗിക്കുന്ന ഹാളില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍ക്കും തന്നെ പ്രവേശനവും നല്‍കിയില്ല.
Post Your Comments