മലപ്പുറം: കഴിഞ്ഞ ദിവസം അന്തരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകനും ഡാല്‍മിയ ജാമിയ മുഈനിയ്യ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയുമായിരുന്ന ആരിഫ് മുസ്സമ്മിലിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ‘മരിച്ച ശേഷം എന്റെ ഫെയ്‌സ്ബുക്’ എന്ന ആരിഫ് മുസ്സമ്മിലിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. ആരിഫ് കുറച്ചു ദിവസങ്ങളായി പനി ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഫെയ്‌സ്ബുക്കില്‍ സ്ഥിരമായി കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്ന ആരിഫിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ് നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ജനുവരി 13 ന് ആണ് ആരിഫ് കുറിപ്പ് പോസ്റ്റ് ചെയ്തത്.
#മരിച്ച_ശേഷം #എന്റെ_ഫേസ്ബുക് എന്ന ഹാഷ് ടാഗോട് കൂടിയാണ് എല്ലാവരും പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത്.
ആരിഫിന്റെ കുറിപ്പ്
#മരിച്ച_ശേഷം #എന്റെ_ഫേസ്ബുക്
ഒരു ദിവസം എന്റെ
മുഖപുസ്തകത്തിലെ
പച്ചലൈറ്റണയും.
ഇനി ഒരിക്കലും
തെളിയാത്ത രൂപത്തില്‍.
ടാഗുകള്‍ നിരസിക്കുന്ന
എന്റെ വാളില്‍ അന്ന്
ടാഗുകള്‍ നിറയും,
ഞാന്‍ അറിയാതെ,
അപ്രൂവ് ചെയ്യാതെ തന്നെ.
ചിരിക്കുന്ന എന്റെ മുഖ –
മെടുത്ത് കരയുന്ന
ഇമോജുകള്‍ വെച്ച്
ആദരാഞ്ജലികള്‍
എഴുതി വെക്കും.
പ്രിയപ്പെട്ടവര്‍ പ്രാര്‍ത്ഥിക്കാന്‍
പറഞ്ഞ് പോസ്റ്റ് ഇടും.
ഏറെ സ്‌നേഹിക്കുന്നവര്‍
അനുസ്മരിക്കും.
സതീര്‍ഥ്യരുടെ ഓര്‍മ
കുറിപ്പുകള്‍ വരും.
ഞാന്‍ ആരുമല്ലാതിരുന്നിട്ടും
അടയാളപ്പെടുത്തലുകള്‍
ഇല്ലാതിരുന്നിട്ടും ഞാന്‍
ആരൊക്കെയോ ആയ
മാനസങ്ങള്‍ ഉള്ളില്‍ തേങ്ങും.
ആരിഫ് മുസ്സമ്മില്‍ വെള്ളുവങ്ങാട്
Post Your Comments