ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ബിജെപി. രാജ്യ വ്യാപക പ്രചാരണ ക്യാമ്പയിന് രാജസ്ഥാനിലെ ജോധ്പൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തുടക്കം കുറിക്കും.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങള്‍ക്ക് ജോധ്പൂരില്‍ സംഘടിപ്പിച്ചിരിക്കുന്ന പൊതുപരിപാടിയില്‍ അമിത് ഷാ വിശദീകരണം നല്‍കും. ജനങ്ങളുടെ പിന്തുണയുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്യാനുള്ള ടോള്‍ ഫ്രീ നമ്പറും അമിത് ഷാ നല്‍കും. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ ഈ ടോള്‍ ഫ്രീ നമ്പറിലേക്ക് മിസ് കോള്‍ ചെയ്താല്‍ മതിയാകും.
അതേസമയം, ഗോവയില്‍ ബിജെപിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയും പൊതുപരിപാടിയെ അഭിസംബോധന ചെയ്യും. പൗരത്വ ഭേദഗതി നിയമത്തിലെ ബിജെപി നിലപാട് വ്യക്തമാക്കുകയും നിയമവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അദ്ദേഹം ജനങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കുകയും ചെയ്യും. പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി 30 റാലികളാണ് ബിജെപി സംഘടിപ്പിക്കുന്നത്.
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുതിർന്ന നേതാവ് രവീന്ദ്ര രാജുവിനാണ് ചുമതല. ജനുവരി അഞ്ച് മുതല്‍ ജനുവരി 15 വരെ വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് ബിജെപി തയ്യാറെടുക്കുന്നത്. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ ജനറല്‍ സെക്രട്ടറി മാരുടെ യോഗം വിളിച്ചതിന് പിന്നാലെയാണ് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികള്‍ക്ക് മുതിര്‍ന്ന നേതാക്കളെ ചുമതലക്കാരായി നിശ്ചയിച്ചത്.
Post Your Comments