മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്ന രണ്ടപകടങ്ങളില്‍ സാക്ഷ്യം വഹിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയും ചെയ്ത സിവില്‍ പോലീസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കുത്തിയതോട് സ്റ്റേഷനിലെ പി.ആര്‍.ഒ. കടക്കരപ്പള്ളി കൊപ്രാച്ചിറയില്‍ കെ.പി.സതീഷ് കുറിച്ചവരികള്‍ ഇതിനോടകം ലക്ഷക്കണക്കിനാളുകള്‍ ലൈക്ക് ചെയ്തു.
ആലപ്പുഴ സബ്ഡിവിഷന്‍ ചെക്കിങ് പട്രോളിങ്ങിനിടെ ഡിസംബര്‍ 30-ന് അര്‍ധരാത്രി മുഹമ്മ പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം കണ്ടത്. പോസ്റ്റിലെ വരികള്‍ തുടങ്ങുന്നതിങ്ങനെ:- ഇന്നലെ അര്‍ധരാത്രി കഴിഞ്ഞ് മുഹമ്മ ആര്യക്കര അമ്ബലത്തിനു തെക്കുവശത്തായി റോഡിന് നടുവില്‍ ചോരയില്‍ കുളിച്ച് ഒരു മനുഷ്യരൂപം വളഞ്ഞു കിടക്കുന്നത് കണ്ടാണ് ഞങ്ങള്‍ ചാടിയിറങ്ങിയത്. ഏതോ ഒരു കുടുംബത്തിന്റെ ഭാവി സ്വപ്നങ്ങളിലെ നായകനായ യുവാവിന്റെ മൃതദേഹം ഫ്‌ളെക്‌സില്‍ പൊതിഞ്ഞ് ജീപ്പിലേക്ക് വെക്കുമ്‌ബോള്‍ കൈകളില്‍ പറ്റിയ ചോരത്തുള്ളികളുടെ ചൂട് എന്റെ ഹൃദയത്തെ വരെ പൊള്ളിക്കുന്നുണ്ടായിരുന്നു. എവിടെയോ മകനെയും കാത്തിരിക്കുന്ന ഒരമ്മയുടെ ചുടു കണ്ണീരില്‍ കുതിര്‍ന്ന ഒരുപ്രഭാതം ആണല്ലോ നാളെ എന്നാലോചിച്ച് ഞങ്ങള്‍ വീണ്ടും പട്രോളിങ് തുടര്‍ന്നു.
കുത്തിയതോട് സ്റ്റേഷനിലെത്തി വിശ്രമവും കഴിഞ്ഞ് സ്റ്റേഷനില്‍ത്തന്നെ തിളപ്പിച്ച ഒരു ഗ്ലാസ് കട്ടന്‍ ചായയും കുടിച്ച് വീട്ടിലേക്ക് മടങ്ങവെ ആണ് തുറവൂര്‍ പുത്തന്‍ ചന്തയ്ക്ക് സമീപം റോഡ് ബ്ലോക്കും മുന്നില്‍ ആള്‍ക്കൂട്ടവും കണ്ടത്. ടയറിനടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ ഹെല്‍മറ്റ് റോഡരികിലേക്ക് വലിച്ചെറിഞ്ഞതിനൊപ്പം ഷീറ്റു കൊണ്ട് മൂടിപ്പൊതിഞ്ഞ തലയുടെ ശേഷിപ്പുകള്‍ സ്‌ട്രെക്ചറിലേക്ക് കോരിയെടുത്ത് വെച്ചു. മണിക്കൂറുകള്‍ക്ക് മുമ്ബ് മുഹമ്മയില്‍നിന്ന് പറ്റിയ ചോരപ്പാടുകളാല്‍ ഉണങ്ങിത്തുടങ്ങിയ എന്റെ കൈവെള്ളയില്‍ വീണ്ടും തലച്ചോറില്‍ കുതിര്‍ന്ന ചുടുരക്തം പടരുന്നത് നിര്‍വികാരതയോടെ മാത്രമേ ഞാന്‍ കണ്ടുള്ളു.
ഫയര്‍ഫോഴ്‌സ് വെള്ളം ചീറ്റിച്ചപ്പോള്‍ തെറിച്ച് എന്റെ കാലില്‍ പറ്റിയ തലച്ചോറിന്റെ കഷ്ണം അല്പം മുമ്ബുവരെ ഏതോ ഒരമ്മയെയും അച്ഛനെയും നിറഞ്ഞ് സ്‌നേഹിച്ച മിടുക്കനായ എല്‍.എല്‍.ബി. ഫൈനല്‍ ഇയര്‍ സ്റ്റുഡന്റിന്റെ ബുദ്ധി സിരാകേന്ദ്രത്തിന്റെ മര്‍മഭാഗമായിരിക്കണമെന്ന ചിന്ത എന്റെ ഉള്ളൊന്നുലച്ചു.
കാത്തിരിക്കുന്ന മുഖങ്ങളിലെ പുഞ്ചിരി കാണാനെങ്കിലും സുരക്ഷിതനായി നമുക്ക് തിരിച്ചെത്തണം. ആഘോഷങ്ങള്‍ ആവേശത്തിരമാലകളാക്കി വേഗത്തോണിയേറുന്നവര്‍ മോര്‍ച്ചറിയുടെ തണുപ്പറിഞ്ഞേ നില്‍ക്കാറുള്ളൂ. റോഡുകള്‍ ചോരക്കളമാകാതിരിക്കട്ടെ ഈ ഓര്‍മപ്പെടുത്തലോടെ സതീഷിന്‍റെ പോസ്റ്റ് അവസാനിക്കുന്നു.
Post Your Comments