കൊച്ചി: സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് ജനുവരി 11 നാണ്. നാട്ടുകാരുടെ ആശങ്ക അകറ്റാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ പട്ടിണി സമരവും തുടങ്ങി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ആൽഫ സരിൻ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ആദ്യം ഇത് പൊളിക്കുന്നതിന് പകരം മറ്റേതെങ്കിലും ആൾതാമസം കുറഞ്ഞ പ്രദേശത്തുള്ള ഫ്ലാറ്റിൽ സ്ഫോടനം നടത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാരുടെ ഈ ആവശ്യം അംഗീകരിക്കാൻ സ്ഫോടനത്തിന്റെ ചുമതലയുള്ള സബ്കലക്ടർ സ്നേഹിൽ കുമാർ തയാറായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇതുവരെ പൊളിച്ച് നീക്കിയ കെട്ടിടാവശിഷ്ടങ്ങൾ നീക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതിനു ശേഷം പുറത്തുനിന്നുള്ള വാഹനങ്ങളെയോ ജോലിക്കാരെയോ ഫ്ലാറ്റിലേക്കു പ്രവേശിപ്പിക്കില്ല. സ്ഫോടനം ഏറ്റവും സങ്കീർണമായിരിക്കുക എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിലായിരിക്കും. ഇവിടെ ഫ്ലാറ്റിനു സമീപത്തു കൂടി ക്രൂഡോയിൽ പൈപ്പ് ലൈൻ കടന്നു പോകുന്നതിനാൽ അതിനു മേൽ മണൽ ചാക്കുകൾ വിരിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്.
സ്ഫോടന സമയത്ത് ഇതുവഴി ഇന്ധനം കടത്തി വിടുന്നത് നിയന്ത്രിക്കുകയും പൈപ്പുകളിൽ വെള്ളം നിറയ്ക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ഭാഗത്തേക്ക് 37 ഡിഗ്രി ചെരിച്ച് ഫ്ലാറ്റ് വീഴ്ത്തുന്നതിനാണ് ആലോചിക്കുന്നത്. അതുകൊണ്ടു തന്നെ ഈ പൈപ്പ് ലൈനുകൾക്കു കേടുപാടുണ്ടാകാതിരിക്കാനാണ് മണൽ ചാക്ക് വിരിക്കുന്നത്. ആൽഫ സരീൻ ഫ്ലാറ്റിൽ ജനുവരി ആറു മുതൽ സ്ഫോടകവസ്തുക്കൾ നിറച്ചു തുടങ്ങും.
സ്ഫാടക വസ്തുക്കൾ അങ്കമാലിയിലും മൂവാറ്റുപുഴയിലുമായി സൂക്ഷിച്ചിരിക്കുകയാണ്. 650 കിലോ സ്ഫാടക വസ്തുക്കളാണ് എത്തിച്ചിരിക്കുന്നത്. സ്ഫോടനം നടത്തുന്നതിനുള്ള കേബിളുകളും ഫ്യൂസും എത്തി. ഫ്ലാറ്റുകളിലേക്ക് മൂന്നാം തീയതിയേ സ്ഫോടകവസ്തുക്കളും മറ്റും എത്തിക്കൂ. എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിലാണ് ആദ്യം സ്ഫോടക വസ്തുക്കൾ നിറയ്ക്കുക.
പൊളിക്കുന്നതിന് മുമ്പുള്ള പ്രാഥമിക നടപടികൾ തുടങ്ങിയപ്പോൾ തന്നെ ആൽഫ സരിന്റെ പരിസര പ്രദേശത്തെ നിരവധി വീടുകൾക്കാണു വിള്ളലുകളും തകർച്ചയും ഉണ്ടായിരിക്കുന്നത്. ഇതു പരിഹരിക്കുന്നതിനും സുരക്ഷാ കാര്യത്തിൽ വേണ്ടത്ര ഉറപ്പും ലഭിക്കാത്ത പശ്ചാത്തലത്തിലാണു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ തുടക്കം മുതലുണ്ടായിരുന്ന നാട്ടുകാരുടെയും ഫ്ലാറ്റ് ഉടമകളുടെയും എതിർപ്പുകളെ മറികടന്നത് പോലെ ഇതിനെയും മറികടക്കാമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
Post Your Comments