കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു മാറ്റിയിട്ടും പ്രദേശത്തെ പ്രശ്നം അവസാനിയ്ക്കുന്നില്ല . മരട് ഫ്‌ളാറ്റ് പൊളിക്കല്‍ കഴിഞ്ഞതോടെ പൊടിയിലമര്‍ന്ന വീടുകളിലേക്ക് സമീപവാസികള്‍ക്ക് തിരിച്ചെത്താന്‍ ഇനിയും കാത്തിരിക്കണം. ആല്‍ഫ സെറീന്‍, എച്ച്.ടു.ഒ ഫ്‌ളാറ്റുകളുടെ സമീപത്തെ വീടുകളും റോഡുകളും കോണ്‍ക്രീറ്റ് പൊടികൊണ്ട് മൂടിയിരിക്കുകയാണ്. പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയ വീടുകളുടെ അടുക്കളയിലും കിടപ്പുമുറിയിലുംവരെ പൊടിയെത്തി. ഇതോടെ സമീപവാസികളുടെ വീട്ടിലേക്കുള്ള മടക്കം ഇനിയും വൈകും.
70000 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാണ് 70 ദിവസങ്ങള്‍ക്കുളളില്‍ നീക്കം ചെയ്യേണ്ടത്. ഇതിന് ശേഷം മടങ്ങിവരാനാണ് സമീപവാസികളുടെ തീരുമാനം. പലരും മൂന്നു മാസത്തെ കരാറിലാണ് വാടക വീടുകള്‍ എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ അവ പൂര്‍ണമായും നീക്കം ചെയ്ത് ശേഷം പൊടിശല്യം കൂടി ഒഴിവായാലെ ഇവര്‍ക്ക് തിരികെ വരാനാവൂ. അല്ലാത്ത പക്ഷം ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇതിനായി 45 ദിവസം മതിയെന്നാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി നിയോഗിക്കപ്പെട്ട പ്രോംപ്റ്റ് എന്റര്‍പ്രൈസസ് പറയുന്നത്.
പൊടി ശല്യംമൂലം പലരും ഇപ്പോള്‍ തന്നെ ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഇന്നലെ പൊളിച്ച ജയിന്‍ കോറല്‍കോവില്‍നിന്ന് 200 മീറ്റര്‍ ചുറ്റളവിലും 50 മീറ്റര്‍ ഉയരത്തിലും പൊടി വ്യാപിച്ചു. ഗോള്‍ഡന്‍ കായലോരം പൊളിച്ചപ്പോള്‍ ബ്രൗണ്‍ നിറത്തില്‍ ഉയര്‍ന്ന പൊടി 100 മീറ്റര്‍ ചുറ്റളവിലും 50 മീറ്റര്‍ ഉയരത്തിലുമാണ് വ്യാപിച്ചത്.പ്രാഥമിക നിരീക്ഷണങ്ങളില്‍ ഇവിടെ നേര്‍ത്ത പൊടിപടലം കൂടുതലായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. 30 മിനിറ്റ് കൊണ്ടാണ് രണ്ട് സ്ഥലങ്ങളിലും പൊടി ഒതുങ്ങി സാധാരണ നിലയിലേക്കായത്. പൊടി ഉയര്‍ന്നതിനെക്കുറിച്ച് നടക്കുന്ന പഠനങ്ങളില്‍ നാല് ഫ്‌ളാറ്റുകളുടെയും കാര്യം വിശദമായി പരിശോധിക്കും. ഒരാഴ്ചക്കകം ഇത് പൂര്‍ത്തീകരിക്കും. കായലിലെ വെള്ളം പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഫലം പ്രസിദ്ധീകരിക്കും. ആല്‍ഫ സെറീന് സമീപത്തെ റോഡിലെ പൊടി വൈകിട്ടോടെ സമീപവാസികള്‍തന്നെ വെള്ളം പമ്പ് ചെയ്ത് കഴുകി.
Post Your Comments