അസം: അരുദ്ധതി സ്വര്‍ണ്ണ പദ്ധതിയിലൂടെ വിവാഹത്തിന് പത്ത് ഗ്രാം സ്വര്‍ണം കൊടുക്കാനൊരുങ്ങി അസം സര്‍ക്കാര്‍. ബാലവിവാഹം തടയുന്നതിനും വിവാഹ രജിസ്‌ട്രേഷനെ പ്രോത്സാഹിക്കുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ജനുവരി ഒന്ന് മുതല്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സ്ത്രീശാക്തീകരണം ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അസം ധനകാര്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.
ഈ പദ്ധതി വഴി സംസ്ഥാനത്തെ നവവധുക്കള്‍ക്ക് പത്ത് ഗ്രാം സ്വര്‍ണ്ണമാണ് വിവാഹസമ്മാനമായി നല്‍കും. പത്തുഗ്രാം സ്വര്‍ണത്തിന്റെ വിലയായ 30,000 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ തുക മറ്റുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. സ്വര്‍ണം നേരിട്ട് വധുവിന് നല്‍കില്ല. രജിസ്ട്രേഷനും, വെരിഫിക്കേഷനും ശേഷം മാത്രമായിരിക്കും പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ പൈസ നിക്ഷേപിക്കുന്നത്. പ്രതിവര്‍ഷം 800 കോടി രൂപ സര്‍ക്കാരിന് ഇതിനായി ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍. വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് സ്വര്‍ണ്ണം വാങ്ങിയതിന്റെ രസീത് രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം.
പ്രായപൂര്‍ത്തിയാകും മുമ്പെയുള്ള വിവാഹം തടയാനും ഈ പദ്ധതി വഴി കഴിയും. വധുവിനും വരനും യഥാക്രമം 18, 21 വയസ്സ് തികഞ്ഞെങ്കില്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. 1954 ലെ പ്രത്യേക വിവാഹനിയമ പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത്.
Post Your Comments