ന്യൂഡല്‍ഹി: വാങ്ങാന്‍ ആളെ കിട്ടിയില്ലെങ്കില്‍ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ അടുത്ത ജൂണ്‍ മാസത്തോടെ അടച്ച് പൂട്ടേണ്ടി വരുമെന്ന് അധികൃതര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സ്ഥിതിയാലാണ്. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റൊഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം കൂടുതല്‍ കാലം നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതിവര്‍ഷം 60000 കോടി നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ഇത്രയും നഷ്ടത്തിലായ കമ്പനിയെ രക്ഷിക്കാന്‍ ഫണ്ട് നല്‍കാനാകില്ലെന്ന് കേന്ദ്രവും വ്യക്തമാക്കി. ഓഹരി വിറ്റഴിക്കലിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കിലും നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. വാങ്ങാന്‍ ആളില്ലെങ്കില്‍ അടുത്ത വര്‍ഷം ജൂണോട് കൂടി ജെറ്റ് എയര്‍വെയ്സിന് സംഭവിച്ചത് പോലെ എയര്‍ ഇന്ത്യക്കും അടച്ചു പൂട്ടലിലേക്ക് കടക്കേണ്ടി വരും. 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ എയര്‍ ഇന്ത്യയെ കരകയറ്റാനായി 30,520.21 കോടി കേന്ദ്ര സര്‍ക്കാര്‍ നല്‍കി. 2012ല്‍ യുപിഎ സര്‍ക്കാറാണ് 30000 കോടി ധനസഹായം നല്‍കിയത്.
പ്രവര്‍ത്തന ചെലവിനായി 2400 കോടി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍, 500 കോടി തരാമെന്നാണ് കേന്ദ്രം പറഞ്ഞത്. ഈ അവസ്ഥയില്‍ ജൂണ്‍ വരെ പ്രവര്‍ത്തിക്കാന്‍ മാത്രമാണ് സാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ വിമാനങ്ങളുടെ എന്‍ജിന്‍ മാറ്റാന്‍ പോലും കഴിയില്ല. എട്ടോളം വിമാനങ്ങളുടെ എന്‍ജിനാണ് കാലാവധി കഴിഞ്ഞ് മാറ്റാനിരിക്കുന്നത്. ഇതിനായി മാത്രം 1500 കോടി രൂപ വേണം. എന്‍ജിന്‍ കാലാവധി കഴിഞ്ഞതോടെ 12 ചെറുവിമാനങ്ങളാണ് സര്‍വീസ് നടത്താതിരിക്കുന്നത്.
Post Your Comments