നാളത്തെ ഇന്ത്യ വർഗ, ജാതി രഹിതമായി വളരണം എന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. 86 ാം ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാവിരുദ്ധമായ തൊട്ടുകൂടായ്മ രാജ്യത്തിന്റെ പല ഭാഗത്തും നിലനിൽക്കുന്നു. എല്ലാ മതാധ്യക്ഷൻമാരും ഇതിനെതിരെ നിലപാട് സ്വീകരിക്കണം. ഏതു മതക്കാരനായാലും ഇന്ത്യക്കാരൻ എന്ന തിരിച്ചറിവാണ് പ്രധാനം. ലോകം ഇന്ത്യയെ ഉറ്റ് നോക്കുകയാണ്. നിക്ഷേപം നടത്താൻ തത്പരരായ ഒട്ടേറെ രാജ്യങ്ങളുമുണ്ട്. എന്നാൽ ജാതിവിവേചനം പോലെയുള്ള ആശങ്കകളാണ് മുന്നിലേക്ക് എത്തുന്നത്. ഇതിന് മാറ്റമുണ്ടാകണം. ഗ്രാമീണ ജനതയുടെ പുനരുദ്ധരാണത്തിന് പ്രത്യേക പരിഗണന നൽകുകയും വേണം. ശ്രീനാരായണ ഗുരുദർശനങ്ങൾ മുന്നോട്ട് വയ്ക്കുന്നതും ഇത്തരം ആശയങ്ങളാണ്. മിശ്രവിവാഹം പ്രോത്സാഹിപ്പിച്ചും വിഗ്രഹപ്രതിഷ്ഠ നടത്തിയും വിവേചനങ്ങൾക്കെതിരെ ഗുരുദേവൻ നൽകിയ സന്ദേശം കാലാതിവർത്തിയാണ്. എല്ലാവർക്കും ഇടമുള്ള അവസര സമത്വം ഉറപ്പാക്കുന്ന രാജ്യത്തെയാണ് വാർത്തെടുക്കേണ്ടത്. ജാതിരഹിത സാമൂഹ്യക്രമം സമൂഹത്തിന്റെ ഉള്ളിൽ നിന്നുയരണം. അതിനായി ബൗദ്ധികവും മാനുഷികവും സാനുകമ്പവുമായ വിപ്ലവം സംഭവിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Read also: ഇന്‍ഷുറന്‍സ് വകുപ്പില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷിക്കുമെന്ന് മന്ത്രി തോമസ് ഐസക്
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അധ്യക്ഷനായി. കേന്ദ്ര വിദേശ – പാർലമന്ററികാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരൻ മുഖ്യാതിഥിയായി പങ്കെടുത്തു. ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സാന്ദ്രാന്ദ സ്വാമി, ഖജാൻജി ശാരദാനന്ദ സ്വാമി, തീർഥാടന കമ്മിറ്റി സെക്രട്ടറി വിശാലനന്ദ സ്വാമി, വർക്കിംഗ് ചെയർമാൻ കെ. ജി. ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments