ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനും, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും ഭരണഘടനാ ബാധ്യതയുണ്ടെന്ന് കേന്ദ്ര ഘന വ്യവസായ പാർലമെന്ററികാര്യ മന്ത്രി അർജുൻ റാം മേഘ്‌വാൾ. മാറി നിൽക്കാൻ കേരളത്തിനും ബംഗാളിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ ലിസ്റ്റിൽപ്പെട്ട പൗരത്വ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് മാറി നിൽക്കാൻ കഴിയില്ല. മുഖ്യമന്ത്രിമാർ ഭരണഘടന വായിക്കണമെന്നും പൗരത്വ നിയമ ഭേദഗതി ഭരണഘടനാനുസൃതമാണന്നും അർജുൻ മേഘവാൾ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി സുപ്രിം കോടതിയിൽ ശരിവയ്ക്കപ്പെടുമെന്ന ആത്മവിശ്വാസമുണ്ട്. എൻപിആർ ആദ്യം നടപ്പാക്കിയത് കോൺഗ്രസ് സർക്കാരാണ്. ഇപ്പോൾ അതിനെ കോൺഗ്രസ് എതിർക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണന്നും അർജുൻ റാം മേഘ് വാൾ പറഞ്ഞു. പാർലമെന്റിന് നിയമനിർമ്മാണാവകാശമുള്ള യൂണിയൻ പട്ടികയിലാണ് പൗരത്വം ഉൾപ്പെട്ടിരിക്കുന്നത്. അതിൽ സംസ്ഥാന സർക്കാരിന് റോളില്ല. അറിയില്ലെങ്കിൽ മുഖ്യമന്ത്രി ഭരണഘടന പഠിക്കാൻ ശ്രമിക്കണം.
പൗരത്വ നിയമ ഭേദഗതി മത വിഭജന ചരിത്രത്തിന്റെ അനന്തരഫലമാണന്നും കേന്ദ്ര നിയമത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്നുമാണ് കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞത്. ബിക്കാനീർ-എറണാകുളം എക്‌സ്പ്രസ് തിരുവനന്തപുരം വരെ നീട്ടുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മലയാള മാധ്യമമായ 24 ന് അനുവദിച്ച അഭിമുഖത്തിലാണ് പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന കേരളം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകൾക്കെതിരെ മേഘ് വാൾ പ്രതികരിച്ചത്.
Post Your Comments