ജാമിയ മിലിയ വിദ്യാര്‍ത്ഥിനി അയിഷ റെന്നയ്ക്ക് നേരെ നടന്ന സിപിഎം പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി വി ടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമീപകാലത്ത് നിങ്ങളുടെ സര്‍ക്കാരിനെതിരെയും പ്രത്യേകിച്ച് നിങ്ങളുടെ പോലീസിനെതിരെയും വിമര്‍ശനമുന്നയിക്കുന്ന ഏതൊരു സാധാരണക്കാരേയും നിങ്ങളുടെ അണികളെന്ന് അവകാശപ്പെടുന്ന ആള്‍ക്കൂട്ടം ഇങ്ങനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ നോക്കുന്ന പ്രവണത ശക്തിപ്പെടുന്നതായാണ് കാണാന്‍ കഴിയുന്നതെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഒരക്ഷരം ഉരിയാടുന്നില്ലെന്നും ബൽറാം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ശ്രീ പിണറായി വിജയൻ,
നിങ്ങളിത് കാണുന്നില്ലേ?
ഇതുവരെ കണ്ടില്ലെങ്കിൽ ഇപ്പോഴെങ്കിലും കണ്ണു തുറന്ന് കാണണം.
കാരണം, നിങ്ങളുടെ പേരിലാണ് ഈ അസഹിഷ്ണുത മുഴുവൻ അരങ്ങേറുന്നത്.
“അന്റെ അയ്പ്രായം യ്യ് അന്റെ പൊരേൽ പോയി പറഞ്ഞാ മതി” എന്ന് സംഘ് പരിവാർ ഫാഷിസത്തിനെതിരെ തെരുവിൽ പോരാടുന്ന ഒരു പെൺകുട്ടിയോട് ഇവിടെ ആക്രോശിച്ചത് കൊണ്ടോട്ടിയിലെ ഏതോ വിവരമില്ലാത്ത അന്തം കമ്മിയാണെന്ന് നിസ്സാരവൽക്കരിക്കാൻ വരട്ടെ, സമീപകാലത്ത് നിങ്ങളുടെ സർക്കാരിനെതിരെയും പ്രത്യേകിച്ച് നിങ്ങളുടെ പോലീസിനെതിരെയും വിമർശനമുന്നയിക്കുന്ന ഏതൊരു സാധാരണക്കാരേയും നിങ്ങളുടെ അണികളെന്ന് അവകാശപ്പെടുന്ന ആൾക്കൂട്ടം ഇങ്ങനെ സംഘം ചേർന്ന് ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാൻ നോക്കുന്ന പ്രവണത ശക്തിപ്പെടുന്നതായാണ് കാണാൻ കഴിയുന്നത്. ഇതിനെതിരെ നാളിതുവരെ നിങ്ങൾ ഒരക്ഷരം ഉരിയാടിയിട്ടില്ലെന്ന് മാത്രമല്ല, സോഷ്യൽ മീഡിയയിലെ നിസ്സാര വിമർശനങ്ങളുടെ പേരിൽ നിങ്ങളും നിങ്ങളുടെ ഓഫീസും സമ്മർദ്ദം ചെലുത്തി നിരവധി പേർക്കെതിരെ ക്രിമിനൽ നടപടികൾ എടുത്തിട്ടുമുണ്ട്. വിമർശനങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ല എന്ന നിങ്ങളുടെ ആ സന്ദേശമാണ് നിങ്ങളുടെ അണികളായ ആൾക്കൂട്ടം ആർത്തട്ടഹസിച്ച് നടപ്പാക്കുന്നത്.
അതിനാൽ നേരിട്ടല്ലെങ്കിലും നിങ്ങൾക്കും ഇതിൽ പങ്കുണ്ട് ശ്രീ പിണറായി വിജയൻ. ഇപ്പോഴെങ്കിലും സ്വന്തം കൂട്ടത്തിലെ ഈ ഫാഷിസ്റ്റുകളെ തിരുത്താൻ നിങ്ങൾ തയ്യാറാകണം, ഒരു വാക്കു കൊണ്ടെങ്കിലും ഇതിനെ തള്ളിപ്പറയാൻ തയ്യാറാകണം.
Post Your Comments