KeralaLatest NewsNews

‘എന്തു കൊണ്ടാണ് രാത്രി ആണിന്റേത് മാത്രമാകുന്നത്? രാത്രിയില്‍ പുറത്തിറങ്ങുന്ന പെണ്ണും ട്രാന്‍സ്ജെന്ററും ‘കൊള്ളരുതാത്തരാവുന്നത്’?’ കുറിപ്പുമായി ഡോ. ഷിംന അസീസ്

വനിതാ ശിശു വികസന വകുപ്പ് നിര്‍ഭയ ദിനത്തില്‍ സംഘടിപ്പിക്കുന്ന ‘പൊതുഇടം എന്റേതും’ എന്ന പരിപാടിക്ക് വലിയ പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. ‘നിയമസംവിധാനങ്ങള്‍ ശക്തമാകണം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അതിവേഗനടപടികള്‍ സജ്ജമാക്കണം, ചെറിയ പ്രായം മുതല്‍ ലൈംഗികവിദ്യാഭ്യാസം നിര്‍ബന്ധമാക്കണം, പെണ്ണിനെ പ്രസവിക്കാനും കാശ് കൊടുക്കാതെ വീട്ടിലെ പണിയെടുക്കാനുമുള്ള ഗ്ലോറിഫൈഡ് മെയിഡായി കാണുന്നതില്‍ നിന്നും മാറി തന്നെപ്പോലെ മനുഷ്യനായി കാണാനാകണമെന്ന് ഡോ. ഷിംന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കൊച്ചിയിൽ നിന്ന്‌ ഒരിക്കൽ തനിയെ ബസ്‌ കയറി സ്വന്തം ജില്ലയിലെ പ്രധാന ജംഗ്‌ഷനുകളിൽ ഒന്നിൽ രാത്രി ഒൻപതിന്‌ വന്നിറങ്ങി. സ്‌ട്രീറ്റ്‌ലൈറ്റിന്‌ താഴെ വീട്ടിലെ വണ്ടി കാത്ത്‌ നിന്നപ്പോൾ ഏതോ ഒരാൾ വന്ന്‌ അവിടെ നിൽക്കുന്നതിന്റെ ഉദ്ദേശ്യം ചോദിച്ചു. വേറെ രണ്ട്‌ പേർ എന്തോ പറഞ്ഞ്‌ മുന്നിലൂടെ ചിരിച്ചോണ്ട്‌ പോയി. തുടർച്ചയായി തിരിച്ച്‌ തുറിച്ചുനോക്കി കൊണ്ടാണത്‌ നേരിട്ടത്‌. ആ ഒരു തവണയേ രാത്രിയാത്രയിൽ വിഷമം അനുഭവിച്ചിട്ടുള്ളൂ. ഭയമല്ല, വല്ലാത്തൊരു അസ്വസ്‌ഥതയാണ്‌ തോന്നിയത്‌. അപ്പുറത്ത്‌ നിൽക്കുന്ന ആണുങ്ങളെ ആരും ചോദ്യം ചെയ്യുന്നില്ലല്ലോ.

പതിനൊന്ന്‌ വർഷം മുന്നേ ഏതൊക്കെയോ നേരത്ത്‌ ബാംഗ്ലൂരിൽ ഒറ്റക്ക്‌ ഇറങ്ങി നടന്നിട്ടുണ്ട്‌. ആരും ശ്രദ്ധിച്ചിട്ടില്ല. ഇന്ന്‌ ആ സുരക്ഷ അവിടുണ്ടോ എന്നെനിക്കറിയില്ല. ഹൈദരാബാദിൽ വെറ്ററിനറി ഡോക്‌ടർക്ക്‌ സംഭവിച്ചത്‌ ഒക്കെയോർക്കുമ്പോൾ…

രണ്ട്‌ വിദേശ രാജ്യങ്ങളിൽ പോയി. രണ്ടിടത്തും രാത്രി പത്തിന്‌ ശേഷം പുറത്തിറങ്ങി. സിംഗപ്പൂരിൽ ആ നേരത്ത്‌ ഒറ്റക്ക്‌ ജോഗ്‌ ചെയ്യുന്ന സ്‌ത്രീകളെ കണ്ടു. ആരുമുണ്ടായില്ല ശല്യം ചെയ്യാൻ. രണ്ടിടത്തും പെണ്ണിനെ തൊട്ടാൽ കളി മാറുവേ…

ഇന്ന്‌ ഡിസംബർ 29, 2019 രാത്രി കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട നൂറ്‌ നഗരങ്ങളിൽ കാണാമറയത്തുള്ള സർവ്വസന്നാഹങ്ങൾ നൽകുന്ന ധൈര്യത്തോടെ സ്‌ത്രീകൾക്ക്‌ ഇറങ്ങി നടക്കാം എന്ന്‌ വായിച്ചു. നല്ലത്‌. അങ്ങനെയെങ്കിലും അതൊരു മാറ്റത്തിന്‌ കാരണമാകുമെങ്കിൽ…

പക്ഷേ, “ഒരുമ്പെട്ടവളുമാര്‌ പാതിരാക്ക്‌ നിരത്തിലിറങ്ങി” എന്നും “തറവാട്ടിൽ പിറന്ന പെണ്ണുങ്ങൾ പാതിരാത്രി പുരയിലിരിക്കും” എന്നും പറഞ്ഞ്‌ ബാക്കിയുള്ള അഡൾട്ട്‌സ്‌ ഓൺലി കൂടി പൂരിപ്പിച്ച് വഷളൻ ചിരി ചിരിക്കുന്നവൻമാർക്കും അവളുമാർക്കുമിടയിൽ ഈ രാത്രിനടത്തത്തിന്റെ ലക്ഷ്യം എത്രത്തോളം സാധൂകരിക്കപ്പെടും?

എന്തു കൊണ്ടാണ്‌ രാത്രി ആണിന്റേത്‌ മാത്രമാകുന്നത്‌? രാത്രിയിൽ പുറത്തിറങ്ങുന്ന പെണ്ണും ട്രാൻസ്‌ജെന്ററും ‘കൊള്ളരുതാത്തരാവുന്നത്‌’?

തിരക്കില്ലാത്ത വഴിയിൽ രാവിന്റെ ഭംഗി കണ്ട്‌ തെരുവുവിളക്കുകൾക്കിടയിലൂടെ വണ്ടിയോടിക്കാനും രാത്രി രണ്ടിന്‌ വിശക്കുമ്പോൾ ഉടുപ്പ്‌ മാറ്റിയിറങ്ങി തട്ടുകടയിലെ രുചികൾ ആസ്വദിക്കാനും കറുത്ത മാനത്ത്‌ വിതറിക്കിടക്കുന്ന നക്ഷത്രക്കുഞുങ്ങളെ നോക്കി കടലോരത്ത്‌ മലർന്ന്‌ കിടക്കാനുമൊക്കെ ബൈ ഡീഫോൾട്ട്‌ ആണിന്‌ സാധിക്കുന്നുണ്ട്‌. ഇതെല്ലാം ഒരിക്കലെങ്കിലും അറിയാതെ ജനിച്ച്‌ ജീവിച്ച്‌ മരിച്ച്‌ പോകുന്ന പെണ്ണുങ്ങളാണ്‌ ചുറ്റും. അതിനൊരു മാറ്റമാകാൻ ഇന്നത്തെ തുടക്കം കൊണ്ടാകുമെങ്കിൽ…

ആസ്വാദനം മാത്രമല്ല. അത്യാഹിതം പിണഞ്ഞ്‌ വല്ലോരും മരിക്കാറായി ആശുപത്രിയിൽ പോവണമെങ്കിൽ, അത്യാവശ്യമായി ഒരിടത്തേക്ക്‌ ഇറങ്ങണമെങ്കിൽ, ഒരു മരണത്തിനോ കല്യാണത്തിനോ പോവണമെങ്കിൽ പോലും ക്ലോക്കിൽ നോക്കേണ്ട ഗതികേടുള്ള പെണ്ണ്‌.

പട്ടാപ്പകൽ മൂന്ന്‌ കിലോമീറ്റർ അപ്പുറത്തുള്ള ടൗണിൽ പോവാൻ ഗൾഫിലെ ഭർത്താവിനെ വിളിച്ച്‌ സമ്മതം ചോദിക്കേണ്ട പെണ്ണ്‌, ഒരു ഓട്ടോക്കാരൻ ബ്ലോക്ക്‌ ഒഴിവാക്കാൻ ഷോർട്ട്‌കട്ടിലേക്ക്‌ തിരിക്കുമ്പോൾ പോലും പേടിച്ച്‌ നാമം ജപിക്കാനും ദിക്‌ർ ചൊല്ലാനും നിൽക്കാതെ ”നിങ്ങളെന്താ ഇതിലെ പോകുന്നത്‌?” എന്ന്‌ ധൈര്യപൂർവ്വം ചോദിക്കാൻ വിറയ്‌ക്കുന്ന പെണ്ണ്‌. മാറ്റങ്ങൾ തുടങ്ങേണ്ടത്‌ ഇങ്ങനെ ഒരുപാട് അടിസ്‌ഥാനകാര്യങ്ങളിലാണ്‌.

‘പുറത്തിറങ്ങുന്നവൾ പിഴ’ എന്ന്‌ പറഞ്ഞ്‌ സ്വന്തം ലൈംഗികദാരിദ്ര്യം കരഞ്ഞ്‌ തീർക്കുന്നവരെ അവഗണിക്കാൻ ആദ്യം പഠിക്കണം. പിന്നെ, ബസിൽ ആൺസീറ്റുകൾക്കിടയിൽ ഒഴിഞ്ഞ സീറ്റുണ്ടായാൽ പോലും ചെന്നിരിക്കാൻ വരെ മടിക്കുന്ന തോതിൽ ‘ആൺഭയം/വെറുപ്പ്‌’ ഒഴിവാക്കാനാവണം. ആണുങ്ങൾ റേപ്പ്‌ ചെയ്യുന്ന മെഷീനുകളല്ല. വ്യക്‌തിത്വമുള്ള വിവേകമുള്ള സഹജീവികളാണവർ. ഒറ്റപ്പെട്ട്‌ പോകുമ്പോൾ സഹായിക്കുന്ന ഭൂരിപക്ഷത്തിനിടയിൽ ആണുങ്ങടെ പേര്‌ കളയാനുണ്ടായ ന്യൂനപക്ഷം കാമഭ്രാന്തൻമാരെ സമൂഹം ഒറ്റപ്പെടുത്തണം. അനുവാദമില്ലാതെ പെണ്ണിന്റെ ശരീരം തോണ്ടുമ്പോൾ കിട്ടുന്ന ഇക്കിളി മാനസികരോഗമാണ്‌, ചികിത്സയുണ്ട്‌.

നിയമസംവിധാനങ്ങൾ ശക്‌തമാകണം, സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക്‌ അതിവേഗനടപടികൾ സജ്ജമാക്കണം, ചെറിയ പ്രായം മുതൽ ലൈംഗികവിദ്യാഭ്യാസം നിർബന്ധമാക്കണം, പെണ്ണിനെ പ്രസവിക്കാനും കാശ്‌ കൊടുക്കാതെ വീട്ടിലെ പണിയെടുക്കാനുമുള്ള ഗ്ലോറിഫൈഡ്‌ മെയിഡായി കാണുന്നതിൽ നിന്നും മാറി തന്നെപ്പോലെ മനുഷ്യനായി കാണാനാകണം.

”നമ്മൾ പെണ്ണുങ്ങൾ പുറത്തിറങ്ങാൻ പാടുണ്ടോ, നാട്ടുകാരെന്ത് പറയും” എന്നല്ല ‘പറയുന്ന’ നാട്ടുകാരുടെ മുന്നിലൂടെ സന്തോഷമായി അഭിമാനത്തോടെ നടക്കുകയാണ്‌ വേണ്ടത്‌. ലോകം ആണിന്റേത്‌ മാത്രമല്ലെന്ന്‌ വഴിയിലിരുന്ന്‌ അഴകളവുകൾ നോക്കി വെള്ളമിറക്കി അവളെക്കുറിച്ച്‌ തന്നെ അശ്ളീലം പറയുന്ന ഇരട്ടത്താപ്പുകാരൻ തിരിച്ചറിഞ്ഞ്‌ തുടങ്ങും. കുറേ പറഞ്ഞ്‌ മടുക്കുമ്പോൾ നാണക്കേട്‌ തോന്നി വല്ല പണിയുമെടുക്കാൻ എഴുന്നേറ്റ്‌ പൊയ്‌ക്കോളും. എന്നെങ്കിലും ഒരുവളെ കാണുമ്പോഴാണ്‌ കാഴ്‌ചയാകുന്നത്‌. എന്നും എപ്പോഴും പെണ്ണ്‌ പുറത്തുള്ള, അവൾക്ക്‌ ധനസമ്പാദനത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും റോൾ ഉള്ള, ശക്‌തമായ നിയമസംവിധാനമുള്ള നാടുകളിൽ അവളെയാരും ശ്രദ്ധിക്കുന്നത്‌ പോലുമില്ല. അതാണ്‌ ആത്യന്തികമായി ഇവിടെയും സംഭവിക്കേണ്ടത്‌.

നിർഭയമാകണം പെണ്ണിന്റെ ജീവിതം.

ഈ നിർഭയ ദിനം അതിനൊരു തുടക്കമാകട്ടെ. പെണ്ണും രാവ്‌ കാണട്ടെ, അവൾക്കും 24 മണിക്കൂറുകളുണ്ടാകട്ടെ.

Dr. Shimna Azeez

https://www.facebook.com/shimnazeez/posts/10158149091552755

shortlink

Related Articles

Post Your Comments

Related Articles


Back to top button