തിരുവനന്തപുരം: കണ്ണൂരില്‍ ചരിത്രകോണ്‍ഗ്രസ് ഉദ്ഘാടനവേദിയില്‍ ഗവര്‍ണര്‍ക്കു നേരേയുണ്ടായ പ്രതിഷേധത്തെ ഗവര്‍ണറുടെ ഓഫീസ് കാണുന്നത് ഗൗരവത്തോടെയാണു. ചിത്രങ്ങൾ സഹിതമുള്ള ഗവർണറുടെ ഓഫീസിന്റെ ട്വീറ്റ് അതിന്റെ സൂചനയാണ്. ചരിത്രകോണ്‍ഗ്രസ് കഴിഞ്ഞ് നടപടിയുണ്ടാകാനാണ് സാധ്യത.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഗവര്‍ണറുടെ പരിപാടിയില്‍ ഇത്ര ഗുരുതര വീഴ്ചയോ പ്രതിഷേധമോ ഉണ്ടായിട്ടില്ല എന്നതാണ് ഗവര്‍ണറുടെ ഓഫീസിന്റെ വിലയിരുത്തൽ. വേദിയിലും സദസിലും ഒരുപോലെ പ്രതിഷേധം. അതും ചരിത്ര കോണ്‍ഗ്രസിലെ പ്രതിനിധികളും ഉത്തരവാദപ്പെട്ട പദവികളിലുള്ളവരും പ്രതിഷേധിച്ചതാണ് പ്രശനത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്.
കണ്ണൂര്‍ സര്‍വകലാശാലയ്ക്കും പോലീസ് ഇന്റലിജന്‍സിനും പറ്റിയ വീഴ്ചയാണ് സംഭവങ്ങൾക്ക് കാരണമെന്നാണു വിലയിരുത്തല്‍. സദസിന്റെ മുന്‍നിരയിലിരുന്നവര്‍ തന്നെ പ്ലക്കാര്‍ഡുകള്‍ കരുതിയിരുന്നു. പ്രതിനിധികള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കാനിരുന്നിട്ടും അക്കാര്യം ഗവര്‍ണറെ അറിയിച്ചില്ല. സര്‍വകലാശാലാ അധികൃതരും ഇന്റലിജന്‍സും ഇതിനു മറുപടി പറയേണ്ടി വരും.
പരിപാടി കഴിഞ്ഞ ഉടൻ തന്നെ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറെ വിളിച്ചുവരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തിന്റെ മുഴുവന്‍സമയ വീഡിയോയും ആവശ്യപ്പെട്ടു. തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നു ഗവര്‍ണര്‍ ആരോപിച്ചത് സംഭവത്തെ വളരെ ഗൗരവമായി കാണുന്നു എന്നതിനു തെളിവാണ്. വേദിയില്‍ വച്ച് ചരിത്രകാരന് ഇര്ഫാന് ഹബീബ് ശാരീരികമായി തടയാന്‍ ശ്രമിച്ചു എന്നും തന്റെ എഡിസിയെയും സുരക്ഷാ ഉദ്യോഗസ്ഥനെയും തട്ടിമാറ്റി എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഏതായാലും ചരിത്ര കോണ്‍ഗ്രസ് നടക്കുന്പോള് എന്തെങ്കിലും തുടര്‍നടപടികളിലേക്കു കടക്കാന്‍ ഗവര്‍ണറോ ഗവര്‍ണറുടെ ഓഫീസോ താത്പര്യപ്പെടുന്നില്ല. സര്‍വകലാശാലയുടെ കാര്യത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്കു നേരിട്ടു നടപടി സ്വീകരിക്കാം. മറ്റു കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടി കൈക്കൊള്ളും എന്നു പ്രതീക്ഷിക്കുകയാണ് ഗവര്‍ണര്‍. അതുണ്ടായില്ലെങ്കില്‍ മറ്റു നടപടിക്രമങ്ങളിലേക്കു കടന്നേക്കും. സംഭവത്തില്‍ ഗവര്‍ണര്‍ക്കു ശക്തമായ പിന്തുണയുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.
Post Your Comments