Latest NewsNewsIndia

ഹേമന്ത് സോറൻ ഇന്ന് ജാർഖ‌ണ്ഡ് മുഖ്യമന്ത്രിയായി അധികാരമേൽക്കും, രാഹുലും മമതയും ചടങ്ങിൽ പങ്കെടുക്കും

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് അധികാരമേല്‍ക്കും. റാഞ്ചി മൊറാബാദ് മൈതാനിയില്‍ ഉച്ചക്ക് 1 മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ചടങ്ങിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 12 അംഗ മന്ത്രിസഭയും സോറനൊപ്പം ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.  ജെ.എം.എം.-കോണ്‍ഗ്രസ്-എല്‍ജെഡി സഖ്യം 81 അംഗ സഭയില്‍ 47 സീറ്റുകളോടെയാണ് അധികാരത്തിലേറുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടന്ന്‌ക്കൊണ്ടിരിക്കെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നതിനുള്ള വേദി കൂടി ആയി മാറും സത്യപ്രതിജ്ഞ ചടങ്ങ്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, എന്‍.സി.പി.നേതാവ് ശരത് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജ്വസി യാദവ്,സിപിഐ നേതാവ് കനയ്യ കുമാര്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ മുഖ്യമന്ത്രി രഘുബർ ദാസും ചടങ്ങിനെത്തിയേക്കും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും മികച്ച വിജയമാണ് ഹേമന്ത് സോറന്‍ നേടിയത്. ധുംക മണ്ഡലത്തില്‍ 13,188 വോട്ടിന്റെയും ബെര്‍ഹത്തില്‍ 25,740 വോട്ടിന്റെയും ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു. 2013ല്‍ ജാര്‍ഖണ്ഡിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായ ഹേമന്ത് സോറൻ വീണ്ടും അധികാരത്തിലേയ്ക്ക് എത്തുകയാണ്. ബിജെപി പ്രതീക്ഷകളെ തകർത്ത് വിജയക്കൊടി പാറിച്ച ഹേമന്തിനെ കാത്ത് നിരവധി വെല്ലുവിളികളാണ് മുന്നിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button