റാഞ്ചി: സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം ആദ്യ ജനകീയ തീരുമാനവുമായി ഹേമന്ത് സോറൻ സർക്കാർ. ജാർഖണ്ഡിന്റെ 11–ാം മുഖ്യമന്ത്രിയാണ് ഹേമന്ത് സോറൻ. 2017 ൽ നടന്ന പതാൽഗഡി സമരവുമായി ബന്ധപ്പെട്ട് ഗോത്രവർഗ വിഭാഗക്കാർക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കാൻ സോറൻ തീരുമാനിച്ചു.ഗോത്രവർഗ്ഗക്കാരുടെ പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെട്ട് അവരുടെ നേതാവായി വളർന്നു വന്ന ഹേമന്ത് അധികാരം ലഭിച്ചപ്പോഴും അവർ നേരിടുന്ന പ്രശ്നങ്ങൾക്കു തന്നെയാണ് ആദ്യ പരിഗണന നൽകിയത്.
ഗോത്രവർഗ്ഗക്കാരുടെ ഭൂമി അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കൊണ്ടുവന്നതാണ് ഛോട്ടാനാഗ്പുർ ടെനൻസി ആക്ട് സാന്തൽ പരാഗണ ടെനൻസി ആക്ട് (എസ്പിടി) എന്നിവ. ആദിവാസികളുടെ ഭൂമി മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുന്നത് തടയുന്നതാണ് 1908ൽ നിലവില്‍വന്ന സിഎൻടി ആക്ട്. എന്നാൽ 2016ൽ രഘുബർ ദാസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു.
ആദിവാസകളുടെ വികാരം വച്ചാണ് രഘുബർദാസ് കളിക്കുന്നതെന്ന് ഗോത്രവിഭാഗത്തിൽ നിന്നുള്ള ബിജെപി എംഎൽഎ തന്നെ മുന്നറിയിപ്പും നൽകിയിരുന്നു. ഖനനത്തിനും വ്യാവസായിക ആവശ്യങ്ങൾക്കുമായ ആദിവാസികളുടെ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചുകൊണ്ടായിരുന്നു ഈ മാറ്റം. ഇതു ബിജെപിക്കുള്ളിൽ തന്നെ ശക്തമായ ഭിന്നതയ്ക്ക് കാരണമായിരുന്നു. ആദിവാസികളുടെ അവകാശങ്ങൾ കവരുന്ന ഭൂനിയമ ഭേദഗതികൾക്കെതിരെ കനത്ത പ്രതിഷഷേധമാണ് ജാർഖണ്ഡിലുടനീളം അരങ്ങേറിയത്. ഇതിനെതിരെ പതിനായിരത്തോളം പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതു പിൻവലിക്കാനാണ് ഇപ്പോൾ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.
Post Your Comments