മുംബൈ: 2008 ല്‍ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്ഥാന്‍ ശക്തികള്‍ക്ക് തിരിച്ചടി നല്‍കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സേനയെ വിലക്കിയത് മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ വ്യോമസേനാ തലവന്‍ ബി.എസ് ധനോവ രംഗത്ത്.
മുംബൈ മാട്ടുങ്കയിലെ വീര്‍മാതാ ജിജാഭായ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ‘ടെക്‌നോവാന്‍സ’ എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ധനോവ വെളിപ്പെടുത്തല്‍ നടത്തിയത്. കൂടാതെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തും സമാനസാഹചര്യം ഉണ്ടയെന്നും ധനോവ പറയുന്നു. 2001ല്‍ പാര്‍ലമെന്റ് ആക്രമണം ഉണ്ടായപ്പോള്‍ പാകിസ്ഥാനെ ആക്രമിയ്ക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയോട് വ്യോമസേന പറഞ്ഞിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ അത് നിരസിച്ചു എന്നും ധനോവ പറഞ്ഞു.
പാകിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ ആക്രമിക്കാനാണ് വ്യോമസേനാ പദ്ധതി ഇട്ടത് എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിന് അനുവദിച്ചില്ലെന്നാണ് മുന്‍ ഇന്ത്യന്‍ വ്യോമസേനാ തലവന്‍ ആരോപിക്കുന്നത്. പാകിസ്ഥാനിലെ ഭീകരവാദ ക്യാമ്പുകള്‍ എവിടെയൊക്കെ പ്രവര്‍ത്തിക്കുന്നുവെന്ന വിവരം പോലും സേനയ്ക്ക് അറിയാമായിരുന്നുവെന്നും ആക്രമണത്തിന് വ്യോമസേന തയാറായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
കശ്മീര്‍ വിഷയം പാകിസ്ഥാന്‍ നിരന്തരം ഉന്നയിക്കുന്നതിന് കാരണം പാകിസ്ഥാന് ഇപ്പോഴുള്ള എല്ലാ പ്രത്യേകാവകാശങ്ങളും നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മുകശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി അവരെ സുരക്ഷാ സേനക്കെതിരെ തിരിക്കുകയാണ് പാക് ഐഎസ്ഐ ലക്ഷ്യമിടുന്നത്. ഇത് കശ്മീരിലെ ക്രമസമാധാന നില തകരാറിലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദൈര്‍ഘ്യം കുറഞ്ഞ, അതിവേഗ ആക്രമണങ്ങള്‍ നടത്താനുള്ള കഴിവ് വ്യോമസേനയ്ക്കുണ്ടെന്നും ഭാവിയിലെ യുദ്ധങ്ങള്‍ കരയിലും, സമുദ്രത്തിലും, വായുവിലും, ബഹിരാകാശത്തുമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി ആണവായുധ ശേഷിയുള്ള അയല്‍രാജ്യങ്ങളാണെന്നും ബി.എസ് ധനോവ കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസം മുന്‍പും ഇന്ത്യന്‍ സൈന്യവും പാക് സൈന്യവും തമ്മില്‍ ശക്തമായ വെടിവെയ്പ്പ് നടന്നിരുന്നു . പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ ഒരു സൈനികനുള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും രണ്ട് പാക് സൈനികരെ ഇന്ത്യ വധിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments