ഹൊനലുലു: ‘ജൂറാസിക് പാർക്ക്’ വനത്തിൽ ഹെലികോപ്ടർ തകർന്നു വീണു. ഏഴു യാത്രക്കാരെ കാണാതായി. ഹവായി ദ്വീപസമൂഹങ്ങളിലെ ഏറ്റവും ദുർഘടമായതും ഒറ്റപ്പെട്ടതും വിദൂരവുമായ ദ്വീപിലേക്കു പുറപ്പെട്ട ഹെലികോപ്ടർ ആണ് തകർന്നു വീണത്. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും ലഭ്യമായിട്ടില്ല. യാത്രാസംഘത്തിൽ രണ്ടു കുട്ടികളുമുണ്ടെന്നാണു വിവരം. ഹെലികോപ്ടറിലുണ്ടായിരുന്ന പൈലറ്റ് ഉൾപ്പെടെ ഏഴു യാത്രക്കാരിൽ ആരെങ്കിലും രക്ഷപ്പെട്ടോയെന്നറിയാൻ കൂടുതൽ രക്ഷാസേനാംഗങ്ങളെ ദ്വീപിലേക്ക് അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സഫാരി ഹെലികോപ്ടേഴ്സ് കമ്പനിക്കു കീഴിലായിരുന്നു ടൂറിസ്റ്റുകളുടെ യാത്ര. വ്യാഴാഴ്ച വൈകിട്ട് എത്തേണ്ടിയിരുന്ന യാത്രാസംഘത്തെപ്പറ്റി വിവരങ്ങളൊന്നും ലഭിക്കാതായതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. നിശ്ചയിച്ചതിലും അരമണിക്കൂർ കഴിഞ്ഞിട്ടും കോപ്ടറിനെപ്പറ്റിയുള്ള വിവരമൊന്നും ലഭിക്കാതായതോടെ കമ്പനി തീരരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. 1997ൽ ‘ജൂറാസിക് പാർക്ക്’ സിനിമാ സീരീസിലെ ലോസ്റ്റ് വേൾഡ് ചിത്രീകരിച്ചത് ഇവിടെയായിരുന്നു. സ്പാനിഷ് ഭാഷയിൽ ‘ഈസ്‌ല സോന’ എന്നറിയപ്പെടുന്ന ദ്വീപായാണ് ന പലിയെ ചിത്രത്തിൽ അവതരിപ്പിച്ചത്.
Post Your Comments