Latest NewsNewsIndia

യേശുക്രിസ്തുവിന്റെ പ്രതിമ പണിയുന്നതിനായി ഭൂമി വിട്ട് കൊടുത്ത സംഭവം; കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ വിവാദത്തില്‍

ബെംഗളൂരു: യേശുക്രിസ്തുവിന്റെ പ്രതിമ പണിയുന്നതിനായി ഭൂമി വിട്ട് കൊടുത്ത സംഭവത്തെ തുടർന്ന് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ വിവാദത്തില്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിസ്തുവിന്റെ പ്രതിമയാണ് ഹാരോബേലെ ഗ്രാമത്തില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി 10 ഏക്കര്‍ ഭൂമിയാണ് ഡികെ ശിവകുമാര്‍ ദാനമായി നല്‍കിയത്. സംഭവത്തിനെതിരെ ബിജെപി രംഗത്തു വന്നു. രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ത്ത കോണ്‍ഗ്രസ് ഇപ്പോള്‍ ക്രിസ്തുവിന്റെ പ്രതിമ പണിയുന്നതിനെ പിന്തുണയ്ക്കുകയാണ് എന്നാണ് മുതിര്‍ന്ന ബിജെപി നേതാവും തദ്ദേശ വികസന മന്ത്രിയുമായ കെഎസ് ഈശ്വരപ്പ ട്വീറ്റ് ചെയ്തത്. ശിവകുമാര്‍ പ്രതിമ പണിയാന്‍ കൈമാറിയ ഭൂമി സര്‍ക്കാരിന്റെതാണ് എന്നും ബിജെപി നേതാക്കള്‍ ആരോപിക്കുന്നുണ്ട്.

ഡികെ ശിവകുമാറും സഹോദരനും എംപിയുമായ ഡികെ സുരേഷും ചേര്‍ന്നാണ് ഭൂമിയുടെ രേഖകള്‍ പ്രതിമ പണിയുന്ന പള്ളി ട്രസ്റ്റിന് കൈമാറിയത്. ശിവകുമാറിന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് സ്ഥലം. ക്രിസ്തുമസ് ദിനത്തില്‍ ഭൂമി പൂജയോടെ പ്രതിമ നിര്‍മ്മാണത്തിനുളള പണികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
ഇതിന് പിന്നാലെയാണ് ഡികെ ശിവകുമാറിനും കോണ്‍ഗ്രസിനും എതിരെ ബിജെപി നേതൃത്വം രംഗത്ത് വന്നത്.

തീഹാറില്‍ നിന്നും തിരിച്ച്‌ വന്നയാള്‍ തന്റെ ഇറ്റാലിയന്‍ ബോസിനെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്നാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ആനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ പ്രതികരണം. ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ടു കൊണ്ടുളളതാണ് ശിവകുമാറിന്റെ നീക്കമെന്നും കെംപെ ഗൗഡയുടേയും ആദി ചുഞ്ചിഗിരി മഠ സ്വാമികളുടേയും ഭക്തനായ ശിവകുമാര്‍ എന്തിനാണ് അവരുടെ പ്രതിമ പണിയാതെ ക്രിസ്തുവിന്റെ പ്രതിമ നിര്‍മ്മിക്കുന്നത് എന്നും കെഎസ് ഈശ്വരപ്പ ചോദിക്കുന്നു.

എല്ലാ വിശ്വാസങ്ങള്‍ക്കും തുല്യസ്ഥാനമുളള ജനാധിപത്യത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും തന്റെ മണ്ഡലമായ കനകപുരയില്‍ പല മത വിശ്വാസികളുമുണ്ടെന്നും അവരെ എല്ലാം ബഹുമാനിക്കുക തന്റെ ഉത്തദവാദിത്തമാണ് എന്നുമാണ് ശിവകുമാര്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button