KeralaLatest NewsNews

തലസ്ഥാനത്ത് പൊലീസുദ്യോഗസ്ഥര്‍ക്ക് മണ്ണ്-റിയല്‍ എസ്റ്റേറ്റ് മാഫിയ സംഘങ്ങളുമായി വഴിവിട്ട ബന്ധമുണ്ടെന്ന് കണ്ടെത്തി വിജിലന്‍സ് റിപ്പോര്‍ട്ട്

 

തലസ്ഥാനത്ത് നിരവധി പൊലീസുദ്യോഗസ്ഥര്‍ക്ക് മണ്ണ്-റിയല്‍ എസ്റ്റേറ്റ് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്. ഇതേ തുടര്‍ന്ന് ആരോപണവിധേയനായ സി.ഐയെ സ്ഥലം മാറ്റി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മണ്ണ് മാഫിയയില്‍ നിന്ന് പണം പിരിച്ച് വീതം വച്ചിരുന്ന എ.എസ്.ഐയെയും സസ്‌പെന്‍ഡ് ചെയ്തു. കരമന, തമ്പാനൂര്‍ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുദ്യോഗസ്ഥര്‍ക്കാണ് റിയല്‍ എസ്റ്റേറ്റ് – മണ്ണ് കടത്ത് സംഘങ്ങളുമായുള്ള ബന്ധം ഉണ്ടെന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എസ്.പി കെ.ഇ ബൈജു വിജിലന്‍സ് എ.ഡി.ജി.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

കരമന പൊലീസ് സ്റ്റേഷനില്‍ വിജിലന്‍സ് പരിശോധന നടന്നതിന് പിന്നാലെ കരമന സി.ഐയായിരുന്ന ഷാജിമോനെ സിറ്റി ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചശേഷമാണ് തമ്പാനൂരിലെ എ.എസ്.ഐ സുരേഷ് കുമാറിനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. നഗരത്തില്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഫ്‌ളാറ്റ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മണ്ണെടുപ്പ് നടത്തിയിരുന്നത്. കരമന പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കരമനയാറിന്റെ തീരങ്ങളും മറ്റ് നീര്‍ത്തടങ്ങളും നികത്താനാണ് ഇവ അധികവും ഉപയോഗിച്ചിരുന്നത്. നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മണ്ണ് ലോറികള്‍ കടന്നുപോയിരുന്നതും കരമന വഴിയാണ്. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ അനധികൃതമായി കടത്തിക്കൊണ്ടിരുന്ന ലോഡുകള്‍ പിടികൂടാന്‍ തയ്യാറാകാതിരുന്നതാണ് കരമന പൊലീസിനെ സംശയനിഴലിലാക്കിയത്.

ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചാണ് വിജിലന്‍സ് കരമന സ്റ്റേഷനില്‍ പരിശോധന നടത്തിയത്. വാഹന പരിശോധനയ്ക്കിടെ പിടികൂടിയ ടിപ്പറുകള്‍ക്കെല്ലാം നിസാര പിഴ ചുമത്തി വിട്ടയച്ചതാണ് കരമന പൊലീസിന് വിനയായത്. രാത്രികാലങ്ങളില്‍ ലോഡ് കണക്കിന് മണ്ണ് കടന്നുപോയിട്ടും ഒരു ലോഡ് പോലും ഇവിടങ്ങളില്‍ നൈറ്റ് പട്രോള്‍ ഡ്യൂട്ടി നോക്കിയിരുന്നവര്‍ പിടികൂടാതിരുന്നതും പണിയായി. കരമന, തമ്പാനൂര്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് പുറമേ ഫോര്‍ട്ട്, കന്റോണ്‍മെന്റ്, കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലെ ഓഫീസര്‍മാരുള്‍പ്പെടെ പൊലീസുകാര്‍ക്ക് മാഫിയ ബന്ധമുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്.കര്‍ശനമായ നിലപാടാണ് ഇവര്‍ക്ക് എതിരെ സ്ഥീകരിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button