Latest NewsKeralaNews

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആ ഭീമന്‍ സുനാമി ആഞ്ഞടിച്ചിട്ട് ഇന്നേയ്ക്ക് 15 വര്‍ഷം

2004 ഡിസംബര്‍ 25ന് ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ആരും കരുതിയിട്ടുണ്ടാകില്ല അടുത്ത പകല്‍ അവര്‍ക്ക് സമ്മാനിക്കുന്നത് ദുരന്തമായിരിക്കുമെന്ന്. കലിതുള്ളിയ കടല്‍ നിമിഷ നേരം കൊണ്ടാണ് കണ്ണില്‍ കണ്ട സര്‍വതിനെയും നശിപ്പിച്ചത്. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി രണ്ടേകാല്‍ ലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് കടലിലേക്ക് കൊണ്ടുപോയത്.

2004 ഡിസംബര്‍ 26, ക്രിസ്മസ് ദിനത്തിന് പിറ്റേന്ന് രാവിലെ 7.59. ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്ത് കടലിന് അടിത്തട്ടിലുണ്ടായ വന്‍ ഭൂകമ്പം രാക്ഷസ തിരമാലകളായി രൂപാന്തരപ്പെടുകയായിരുന്നു. ഭൂകമ്പ മാപിനിയില്‍ 9.1 രേഖപ്പെടുത്തിയ പ്രകമ്പനം പത്ത് മിനിറ്റോളം നീണ്ടു. ലോക ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു അത്. മുപ്പത് ക്യുബിക് കിലോമീറ്റര്‍ വെള്ളം കടലില്‍ നിന്നും തൂത്തെറിയപ്പെട്ടു. ഇവ രാക്ഷസത്തിരമാലകളായി ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ആഞ്ഞടിച്ചു. .ആന്തമാന്‍ ദ്വീപുകള്‍ക്കും സമുാത്രയ്ക്കുമിടയിലുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സുനാമി രൂപംകൊണ്ടത്. ഭൂകമ്പം ഉണ്ടായി 15 മിനിറ്റ് പിന്നിടും മുമ്പ് കൂറ്റന്‍ തിരമാലകള്‍ സുമാത്രയിലെയും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെയും തീരപ്രദേശങ്ങളെ വിഴുങ്ങിയിരുന്നു. സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ച ഇന്തോനേഷ്യയിലെ അഷേഹില്‍ മുപ്പത് മീറ്റര്‍ (65 അടി) ഉയരത്തിലാണ് തിരമാലകള്‍ താണ്ഡവമാടിയത്.

ഭൂകമ്പമുണ്ടായി രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരങ്ങളെ സുനാമി വിഴുങ്ങി. ഇന്ത്യയില്‍ രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണു സുനാമി തിരമാലകള്‍ എത്തിയത്. കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, കേരള തീരങ്ങള്‍ എന്നിവിടങ്ങളിലാണു സുനാമി ആഞ്ഞടിച്ചത്. ചെന്നൈയിലെ മറീനാ ബീച്ചില്‍ ക്രിസ്മസ് അവധി ആഘോഷിക്കാനെത്തിയവരെ കടലെടുത്തു. വേളാങ്കണ്ണിയിലും കന്യാകുമാരിയിലും ഉണ്ടായിരുന്ന മലയാളികള്‍ അടക്കമുള്ള സഞ്ചാരികളും തീര്‍ത്ഥാടകരും ദുരന്തത്തിനിരയായി. തമിഴ്നാടിന്റെ മിക്കവാറും തീരപ്രദേശങ്ങള്‍ എല്ലാം തന്നെ സുനാമി തിരമാലകള്‍ തകര്‍ത്തെറിഞ്ഞു. നിരവധി മത്സ്യ ബന്ധന ഗ്രാമങ്ങള്‍ അപ്രത്യക്ഷമായി.

തമിഴ്നാട്ടില്‍ 7,798 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇതിലുമധികം എത്രയോ പേര്‍ സുനാമി ദുരന്തത്തില്‍ അകപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം. ഈ നൂറ്റാണ്ട് കണ്ട എക്കാലത്തെയും ദുരന്തമായ സുനാമി കേരളത്തെയും കണ്ണീര്‍കടലാക്കി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ 168 പേര്‍ മരിയ്ക്കുകയും തീരദേശ ഗ്രാമങ്ങളിലുള്ള 25 ലക്ഷത്തോളം പേര്‍ സുനാമിക്കെടുതിക്ക് ഇരയായാവുകയും ചെയ്തു. സുനാമി ഏറ്റവുമധികം നാശം വിതച്ച കൊല്ലം ജില്ലയില്‍ മാത്രം 131 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലം ജില്ലയിലെ ആലപ്പാട്, ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ എന്നീ സ്ഥലങ്ങളിലാണ് സുനാമിത്തിരമാലകള്‍ കൂടുതല്‍ നാശം വിതച്ചത്.

മണിക്കൂറില്‍ 800 കിലോമീറ്റര്‍ വേഗതയിലായിരുന്നു കൂറ്റന്‍ തിരമാലകള്‍ കരയിലേക്കെത്തിയത്. വേണ്ടത്ര മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും ഇല്ലാത്തതായിരുന്നു ഭൂകമ്പം ഉണ്ടായി രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ തീരങ്ങളിലടക്കം ഇത്രയും ആള്‍നാശമുണ്ടാക്കാന്‍ കാരണം. സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ഇന്തോനേഷ്യയിലായിരുന്നു. 1.68 ലക്ഷം പേരുടെ ജീവനാണ് ഇവിടെ മാത്രം പൊലിഞ്ഞത്. ശ്രീലങ്കയില്‍ 35000 പേരും ഇന്ത്യയില്‍ 18000 പേരുടെയും ജീവനെടുത്തു. തായ്ലന്റില്‍ 8000 പേരും മരിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നൂറുകണക്കിനാളുകളുടെ ജീവനും സുനാമി കവര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button