ബാൽഖ്: അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ബാൽഖ് പ്രവിശ്യയിലെ സൈനിക ചെക്ക് പോയിന്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് പേർക്ക് പരുക്ക് പറ്റി. ആക്രമണത്തിന്റെ ഉത്തരാവാദിത്തം താലിബാൻ ഏറ്റെടുത്തു.
സംഭവത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അഫ്ഗാൻ രഹസ്യാന്വേഷണ വിഭാഗമായ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്കും ആക്രമണത്തിൽ പരുക്കേറ്റു. അതേസമയം, സംഭവത്തിൽ ഒരു കമാന്റർ അടക്കം ഇരുപതോളം സൈനികർ കൊല്ലപ്പെട്ടെന്നും ആറ് സൈനികർക്ക് പരുക്കേറ്റുവെന്നും താലിബാൻ വക്താവ് സബീഹുള്ളാ മുജാഹിദ് ട്വിറ്ററിൽ കുറിച്ചു.
അമേരിക്കൻ സൈനികനെ കഴിഞ്ഞ ദിവസം വധിച്ചതിന്റെ ഉത്തരവാദിത്തവും താലിബാൻ ഏറ്റെടുത്തിരുന്നു. ഉസ്ബാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബാൽഖ് പ്രവിശ്യയിൽ താലിബാൻ നിരന്തരം ആക്രമണം നടത്താറുണ്ട്. ഒക്ടോബറിൽ ബാൽഖ് പ്രവിശ്യയിലെ ഷോർട്ടെപ്പാ ജില്ലയിൽ നൂറിലേറെ താലിബാൻ തീവ്രവാദികൾ മോട്ടോർ ബൈക്കുകളിലെത്തി പൊലീസ് ആസ്ഥാനം ആക്രമിച്ചിരുന്നു.
Post Your Comments