
കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ നിന്ന് ഡിഎംആര്‍സി പിന്മാറുകയാണെന്ന് ഇ ശ്രീധരന്‍. സര്‍ക്കാരിന് തീരുമാനം അറിയിച്ച് ഉടന്‍ തന്നെ കത്ത് നല്‍കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഡിഎംആര്‍സിയുടെ കേരളത്തിലെ പ്രവര്‍ത്തനം ജൂണില്‍ അവസാനിപ്പിക്കും.
അതിനാൽ പാലത്തിന്റെ പുനര്‍നിര്‍മ്മാണം ജൂൺ മാസത്തിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നാണ് നൽകുന്ന വിശദീകരണം. നേരത്തേ പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഒക്ടോബറില്‍ തുടങ്ങി ജൂണില്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഹൈക്കോടതി സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇ ശ്രീധരൻ നിലപാട് വ്യക്തമാക്കിയത്.
നിര്‍മ്മാണം പൂര്‍ത്തിയായി കുറച്ച് നാളുകൾക്ക് ശേഷം ബലക്ഷയത്തെ തുടർന്ന് പാലം അടയ്ക്കുകയായിരുന്നു. പാലത്തിന്‍റെ നിർമാണത്തിലെ വീഴ്ചകളെ കുറിച്ച് വിവിധ ഏജന്‍സികള്‍ നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെ തുടർന്നാണ് പാലം അടച്ചത്. തകര്‍ന്ന പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയശേഷം പാലം പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കണമെന്ന ഇ ശ്രീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പാലം പൊളിച്ച് പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇ ശ്രീധരന്‍റെ നിർദേശത്തിനെതിരെ പൊതു താൽപര്യ ഹർജികൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവ പരിഗണിച്ച കോടതി പാലം ഹൈക്കോടതിയുടെ അനുമതിയില്ലാതെ പൊളിക്കരുതെന്നും, ബല പരിശോധന നടത്തണമെന്നും ഉത്തരവിട്ടിരുന്നു.
Post Your Comments