കൊച്ചി: പൗരത്വ നിയമഭേദഗതിയ്ക്കെതിരെ കൊച്ചിയില്‍ നടന്ന ലോങ് മാര്‍ച്ചില്‍ കുട്ടികളെ പങ്കെടുപ്പിച്ച് മുദ്രാവാക്യം വിളിപ്പിച്ചു . ചലച്ചിത്രപ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും കൊച്ചിയില്‍ നടന്ന പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ചിലാണ് കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ പരാതിയുമായി യുവമോര്‍ച്ച രംഗത്ത് എത്തിയിരിക്കുന്നത്. 14 വയസില്‍ താഴെയുള്ള കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിച്ചുവെന്നും പ്രകോപനപരമായ രീതിയില്‍ അവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണിനാണ് യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗമായ ബി.ജി വിഷ്ണു പരാതി നല്‍കിയിരിക്കുന്നത്.
കുട്ടികളെ ഇത്തരമൊരു സമരത്തില്‍ പങ്കെടുപ്പിച്ചത് നിയമവിരുദ്ധമായ പ്രവര്‍ത്തിയാണെന്നും വിഷ്ണു തന്റെ പരാതിയില്‍ ആരോപിക്കുന്നു. കുട്ടികളെ നിയമവിരുദ്ധമായ ആവശ്യങ്ങള്‍ക്ക് പങ്കെടുപ്പിക്കാന്‍ പാടില്ലെന്നുള്ള ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം പാടെ അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും യുവമോര്‍ച്ചാ നേതാവ് തന്റെ പരാതിയില്‍ പറയുന്നുണ്ട്. പ്രധാനമായും ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, ചലച്ചിത്ര സംവിധായകന് ആഷിഖ് അബു എന്നിവര്‍ക്കെതിരെ ബാലാവകാശ കമ്മീഷന് നടപടി സ്വീകരിക്കണമെന്നാണ് വിഷ്ണു തന്റെ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ ഒരു മണിയോടെയാണ് പൗരത്വ നിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് മുന്പില് നിന്നും ‘പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ച്’ ആരംഭിച്ചത്. കൊച്ചിന് ഷിപ് യാര്‍ഡില്‍ അവസാനിച്ച മാര്‍ച്ചില്‍ ചലച്ചിത്ര, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ നിന്നുമുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു.
Post Your Comments