Latest NewsIndiaNews

ഇന്ത്യ-യുഎസ് സൗഹൃദം സ്ഥിരീകരിക്കുന്നതിനുള്ള ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു

വാഷിംഗ്ടണ്‍ ഡി.സി• വിദ്യാഭ്യാസം, സംഘര്‍ഷ പരിഹാരം, വികസനം എന്നിവയില്‍ ഇരുരാജ്യങ്ങളും പങ്കിട്ട മൂല്യങ്ങള്‍ ഉയര്‍ത്തി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി യുഎസ് ജനപ്രതിനിധിസഭയില്‍ പുതിയ ബില്‍ അവതരിപ്പിച്ചു.

ഡിസംബര്‍ 19 ന് ജോര്‍ജിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് നിയമ നിര്‍മ്മാതാവ് ജോണ്‍ ലൂയിസ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം സ്ഥിരീകരിക്കാനും, വികസനവും പങ്കിട്ട മൂല്യങ്ങളും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉഭയകക്ഷി പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്യുന്ന ബില്ലാണ് അവതരിപ്പിച്ചത്.

നിലവില്‍, ബില്ലിന് (എച്ച്ആര്‍ 5517) ആറ് കോസ്പോണ്‍സര്‍മാരുണ്ട്. അവരെല്ലാം ഡെമോക്രാറ്റുകളാണ്. ഇവരില്‍ മൂന്നുപേര്‍ ഇന്ത്യന്‍ അമേരിക്കന്‍ നിയമ നിര്‍മ്മാതാക്കളാണ്. വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് വനിത പ്രമീള ജയ്‌‌പാല്‍, ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അടുത്തിടെ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന്, അമേരിക്ക സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പ്രമീള ജയ്‌പാലിനെ കാണാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു.

അതേസമയം, ബില്ലിന്‍റെ വിശദാംശങ്ങള്‍ ഇതുവരെ ഔദ്യോഗികമായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്‍റെ അടുത്ത വിശ്വസ്തനായ ലൂയിസ് ബില്‍ അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മഹാത്മാഗാന്ധിയുടെയും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റേയും സംയുക്തമായ മൂന്ന് സംരംഭങ്ങള്‍ ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. 2020 മുതല്‍ 2025 വരെയുള്ള ഓരോ സാമ്പത്തിക വര്‍ഷത്തിനും 2 ദശലക്ഷം യുഎസ് ഡോളര്‍ വകയിരുത്തുന്ന ഗാന്ധി-കിംഗ് സ്കോളറി എക്സ്ചേഞ്ച് ഓര്‍ഗനെസേഷന്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള പണ്ഡിതന്മാര്‍ക്ക് ഒരു വാര്‍ഷിക വിദ്യാഭ്യാസ ഫോറം ഇതില്‍ ഉള്‍പ്പെടും. ഗാന്ധിയുടെയും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റേയും കൃതികളെയും തത്വ ചിന്തകളെയും കുറിച്ച് പഠിക്കുകയും ചരിത്രപരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

ഗാന്ധി-കിംഗ് ഗ്ലോബല്‍ അക്കാദമി സ്ഥാപിക്കാന്‍ ബില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇത് സംഘര്‍ഷ പരിഹാരത്തെക്കുറിച്ചുള്ള ഒരു പ്രൊഫഷണല്‍ വികസന പരിശീലന സംരംഭമായിരിക്കും. 2020 മുതല്‍ 2025 വരെ ഓരോ സാമ്പത്തിക വര്‍ഷത്തിനും 2 ദശലക്ഷം യുഎസ് ഡോളര്‍ അനുവദിച്ച് യുണെറ്റഡ് സ്റ്റേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് (USIP) വഴിയാന് ഇത് നടപ്പിലാക്കുക. ഗാന്ധി-കിംഗ് ഡവലപ്മെന്‍റ് ഫൗണ്ടേഷനും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ നിലവിലുള്ള നിയമപ്രകാരം USAID ആണ് ഇത് സ്ഥാപിക്കുക.

2020 മുതല്‍ 2025 വരെ ഓരോ വര്‍ഷവും 30 ദശലക്ഷം യുഎസ് ഡോളറാണ് ഫൗണ്ടേഷനായി USAID ന് അംഗീകാരം നല്‍കുന്നത്. ഈ ഫൗണ്ടേഷന്‍ യുഎസ്, ഇന്ത്യ സര്‍ക്കാരുകള്‍ വിളിച്ചുകൂട്ടുന്ന ഒരു ഭരണസമിതി ഉണ്ടായിരിക്കും. കൂടാതെ ആരോഗ്യം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിലെ എന്‍ജിഒകള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യും.

മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് യുഎസ് കോണ്‍ഗ്രസ് ആരംഭിച്ച ഒരു പ്രധാന നാഴികക്കല്ലാണ് ഈ ബില്‍. സെനറ്റര്‍ ബോബ് മെനെന്‍ഡെസ് (ഡെമോക്രാറ്റ് – ന്യൂജെഴ്സി), ടെഡ് ക്രൂസ് (റിപ്പബ്ലിക്കന്‍ – ടെക്സസ്), കോണ്‍ഗ്രസ് അംഗം രാജ കൃഷ്ണമൂര്‍ത്തി (ഡെമോക്രാറ്റ് – ഇല്ലിനോയിസ്) എന്നിവരാണ് ഈ ബില്ലിന് പിറകില്‍ പ്രവര്‍ത്തിച്ചവര്‍. ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി മഹാത്മാഗാന്ധിയുടെ കടുത്ത ആരാധികയാണ്.

ഈ അനുസ്മരണ ചടങ്ങിനിടെ സ്വാതന്ത്ര്യ സമരത്തിന്‍റെ നേതാവിനോടുള്ള താല്‍പര്യം അവര്‍ അനുസ്മരിച്ചു. “ഞാന്‍ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന കാലം മുതല്‍ ഗാന്ധിയിലൂടെ ഇന്ത്യയെ എന്‍റെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരുന്നു. ഞാന്‍ ഒരു കൊച്ചു പെണ്‍കുട്ടിയായിരിക്കുമ്പോള്‍, ഒരു കത്തോലിക്കാ സ്കൂളില്‍, കന്യാസ്ത്രീ എന്നോട് ചോദിച്ചു “നീ ആരാണെന്നാ നിന്‍റെ വിചാരം? മഹാത്മാ ഗാന്ധിയാണോ എന്ന്. സത്യത്തില്‍ അന്ന് എനിക്കറിയില്ലായിരുന്നു ആരാണ് മഹാത്മാ ഗാന്ധി എന്ന്. പിന്നീട് ഞാന്‍ ലൈബ്രറിയില്‍ പോയി. 1950 കളില്‍ കുട്ടികള്‍ക്കായി മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ടായിരുന്നു. അത് ഞാന്‍ വായിച്ചു….” ഒക്ടോബര്‍ രണ്ടിന് ചരിത്രപ്രസിദ്ധമായ ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ പെലോസി പറഞ്ഞിരുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button