പ്രഭാതത്തില്‍ ഉണ്ടാവുന്ന നെഞ്ചിനുവേദന, വിമ്മിഷ്ടം, അകാരണമായ ക്ഷീണം, വിയര്‍പ്പ് എന്നിവയൊക്കെ ഹൃദയാഘാത ലക്ഷണമാകാന്‍ സാധ്യത കൂടുതലാണ്. അവയെ അവഗണിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്യരുത്. എത്രയും പെട്ടെന്ന്, ഒരു മണിക്കൂറിനകം ആന്‍ജിയോപ്ലാസ്റ്റിയോ ബൈപാസോ ചെയ്യാന്‍ സൗകര്യമുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സിക്കേണ്ടതാണ്. അല്ലെങ്കില്‍ ഹൃദയാഘാതം മൂലം മരണമടയാന്‍ സാധ്യത കൂടുതലാണ്. രാവിലെ ഹൃദയാഘാതം ഉണ്ടാകുവാനുള്ള സാധ്യത വൈകിട്ടത്തെക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രാവിലെ 4 മണി മുതല്‍ 6 വരെയാണ് സാധ്യത കൂടുതല്‍. അതിനുശേഷം 12 മണി വരെ ഹൃദയാഘാത സാധ്യത കൂടിത്തന്നെ നില്‍ക്കുന്നു.
രാവിലെ ഉണ്ടാവുന്ന ഹൃദയാഘാതത്തിന് ചില പ്രത്യേകതകളുണ്ട്. ചെറുപ്പക്കാരിലും സ്ത്രീകളിലും ഇതുണ്ടാവാന്‍ സാധ്യത കൂടുതലാണ്. 30 മുതല്‍ 55 വയസ്സുവരെ പ്രായമുള്ളവരിലാണ് കൂടുതലായി ഉണ്ടാവുന്നത്. പ്രഭാത സമയങ്ങളില്‍ ഉണ്ടാവുന്ന ഹൃദയാഘാതം 20 മുതല്‍ 30 ശതമാനം വരെ കൂടുതല്‍ അപകടകാരിയാണ്.
നമ്മുടെ രക്തസമ്മര്‍ദം പ്രഭാതത്തില്‍ 5 മുതല്‍ 10 വരെ മില്ലി മീറ്റര്‍ കൂടുതലാണ്. തലച്ചോറിന്റെ പ്രത്യേക പ്രവര്‍ത്തനം മൂലമാണിത്. ബിപി കൂടിയിരിക്കുന്നത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു.
രാവിലെ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. രക്തം കട്ട പടിക്കാതിരിക്കാന്‍ സഹായിക്കുന്ന ഒരു പ്രോട്ടീന്റെ അളവ് ആസമയത്ത് രക്തത്തില്‍ കുറവാണത്രേ.
പലരും ഇന്ന് ശരീരത്തിനാവശ്യമായ വെള്ളം കുടിക്കുന്നില്ല. വേനല്‍ക്കാലവും കൂടുതല്‍ സമയം ഏസി ഉപയോഗിക്കുന്നതും നിര്‍ജലീകരണത്തിന് കാരണമാകുന്നു. ഇത് ഇലക്ടോലറ്റുകളുടെ വ്യതിയാനത്തിനും ഹൃദയത്തിന്റെ താളം തെറ്റാനും കാരണമാകുന്നു.
ദിവസേന വ്യായാമം ചെയ്യാത്തവരില്‍ രക്തം കട്ട പിടിക്കാന്‍ സാധ്യത കൂടുതലാണ്. രാവിലെ വളരെ താമസിച്ച് എഴുന്നേല്‍ക്കുന്നതും വൈകിട്ട് വളരെ വൈകി ഉറങ്ങാന്‍ കിടക്കുന്നതും അപകടം വരുത്തി വയ്ക്കും. പകല്‍ ജോലി, രാത്രി വിശ്രമവും ഉറക്കവും എന്ന പ്രകൃതിനിയമം തെറ്റിക്കുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു.
ജോലിയുടെ ഭാഗമായും അല്ലാതെയും ഉണ്ടാവുന്ന കടുത്ത മാനസിക സമ്മര്‍ദം ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും.
ദിവസവും എട്ടുപത്ത് ഗ്ലാസ് വെള്ളം കുടിക്കുക. രാത്രി നേരത്തെ തന്നെ ഉറങ്ങുക. രാവിലെ ഉണരുക. ദിവസേന വ്യായാമം ചെയ്യുക; ടെന്‍ഷന്‍ കുറയ്ക്കുക, പുകവലിക്കാതിരിക്കുക, അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക എന്നിവയാണ് പരിഹാരമാര്‍ഗങ്ങള്‍. ഒമേഗ ത്രീ ഫാറ്റി അമ്ലങ്ങള്‍ ധാരാളമുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Post Your Comments