തൃശ്ശൂര്‍: ‘ഒരു ചടങ്ങിലും ഷാളും പൂച്ചെണ്ടും ഉപഹാരവും ഇതേവരെ സ്വീകരിച്ചിട്ടില്ല. പകരം പുസ്തകം ചോദിച്ചു. ഇതുവരെ കിട്ടിയത് 6700 പുസ്തകങ്ങൾ’. ടി.എന്‍. പ്രതാപന്‍ എം.പിയുടെ വാക്കുകളാണ് ഇത്. പുസ്തകങ്ങൾ കൂട്ടിവെച്ചപ്പോള്‍ എം.പി.യുടെ ഓഫീസിന് ഒരു കൊച്ചു ലൈബ്രറിയായി മാറി. ശേഖരം 10,000 ആകുമ്പോള്‍ അത് തളിക്കുളം സ്‌നേഹതീരത്തെ പ്രിയദര്‍ശിനി സ്മാരകസമിതി വായനശാലയ്ക്ക് കൈമാറും. ഇന്ദിരാഗാന്ധി വെടിയേറ്റുമരിച്ചതിന്റെ എട്ടാംനാള്‍ സ്‌നേഹതീരത്ത് എട്ടുസെന്റില്‍ നിര്‍മിച്ചതാണ് ഈ ഓപ്പണ്‍ വായനശാല. പ്രതാപനാണ് സ്ഥാപകന്‍. പുരസ്‌കാരങ്ങള്‍ക്ക് പകരം പുസ്തകം സ്വീകരിക്കുന്ന എം.പി.യുടെ നടപടിയെ ഓഗസ്റ്റിലെ മന്‍കീബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രശംസിച്ചിരുന്നു.
എം.പി.യുടെ നിലപാട് അറിയാതെ മറ്റുസമ്മാനങ്ങള്‍ നല്‍കുന്നവരെ നിരുത്സാഹപ്പെടുത്താറില്ല. അതു തിരികെ നല്‍കി പകരമായി രണ്ടുപുസ്തകം ഓഫീസില്‍ എത്തിച്ചാല്‍ മതിയെന്ന് അറിയിക്കും. ചടങ്ങിലാണെങ്കില്‍ ഒന്ന്. വൈകിയാല്‍ രണ്ട്. ഒരു പുസ്തകം ‘പിഴപ്പലിശ’യാണ്. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലെയും ഓരോ വായനശാലകള്‍ക്കാണ് അടുത്തഘട്ടം പുസ്തകം നല്‍കുക. അതിനുേശഷം ജില്ലയിലെ ഏറ്റവും നല്ല കോളേജ് ലൈബ്രറിക്കും പിന്നീട് സ്‌കൂള്‍ ലൈബ്രറിക്കും.
എം.പി.യുടെ വീട്ടില്‍ മൂവായിരത്തില്‍പ്പരം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്. അതിനാല്‍ ഉപഹാരമായി കിട്ടുന്നതൊന്നും വീട്ടിലേക്ക് കൊണ്ടുപോകാറില്ല. പുസ്തകം സ്വീകരിക്കുക മാത്രമല്ല നല്‍കുകയും ചെയ്യും. എം.പി.യെ കാണാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇതേവരെ 120 എണ്ണം നല്‍കി.
Post Your Comments