തിരുവനന്തപുരം : ഇന്ത്യയില്‍ അത്യപൂര്‍വ്വമായതും സംസ്ഥാന ചരിത്രത്തത്തില്‍ ആദ്യമായും പതിമൂന്ന് വയസുകാരിയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന്‌ബൈപ്പാസ് സര്‍ജറി . തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കോളേജിലായിരുന്നു ഈ അത്യപൂര്‍വ ശസ്ത്രക്രിയ നടന്നത്. സംസ്ഥാനത്ത് ആദ്യമായും ഇന്ത്യയില്‍ അപൂര്‍വമായുമാണ് ചെറിയ പ്രായത്തില്‍ ഇപ്രകാരമുള്ള ഹൃദയാഘാതമുണ്ടാകുന്നതും അതിനു ബൈപ്പാസ് സര്‍ജറി വേണ്ടിവരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പെണ്‍കുട്ടികളില്‍തന്നെ ഹൃദയാഘാത സാധ്യത വിരളമാണെന്നിരിക്കെ ചെറുപ്രായത്തില്‍ ഒരു പെണ്‍കുട്ടി രോഗിയായെന്നത് മറ്റൊരു പ്രത്യേകതയുമാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ നടന്ന ചികിത്സയ്ക്കു ശേഷമാണ് കൊല്ലം നീണ്ടകര സ്വദേശിനിയായ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. കുട്ടികളിലെ ഹൃദയാഘാത സാധ്യത ഇതുവരെ ഇല്ലാതിരുന്നതിനാല്‍ രോഗിയുടെ ഹൃദയത്തിന് ജന്മനായുള്ള തകരാര്‍ വല്ലതുമുണ്ടോയെന്ന പരിശോധനയാണ് ആദ്യം നടത്തിയത്. അതില്‍ പ്രശ്‌നമൊന്നും കണ്ടില്ല. നെഞ്ചുവേദന തുടരുന്ന സാഹചര്യത്തില്‍ കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ നടത്തിയ ഇസിജി പരിശോധനയില്‍ ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ ആന്‍ജിയോഗ്രാം ചെയ്യുകയായിരുന്നു.
പരിശോധനയില്‍ പ്രധാന രക്തധമനിയില്‍ 99 ശതമാനം ബ്ലോക്കും മറ്റൊരു ധമനിയില്‍ 50 ശതമാനം ബ്ലോക്കും കണ്ടു. മാത്രമല്ല, രക്തധമനീഭിത്തിയിലും തകരാറുണ്ടായിരുന്നു. ഈ അവസ്ഥയില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് ഇടുന്നതില്‍ തടസമുള്ളതിനാല്‍ ബൈപ്പാസ് സര്‍ജറി തീരുമാനിച്ചു. സാധാരണ ഗതിയില്‍ രക്തസമ്മര്‍ദം, പ്രമേഹം, പുകവലി എന്നീ കാരണങ്ങളാല്‍ ഉണ്ടാകുന്ന അതെരോസ്‌ക്ലെറോസിസാണ് മുതിര്‍ന്നവര്‍ക്ക് രക്തധമനിയിലെ ബ്ലോക്കിന് പ്രധാനമായി കാരണമാകുന്നത്. കുട്ടികളിലുണ്ടാകുന്ന രോഗങ്ങള്‍ ടാക്കയാസു ആര്‍ത്രൈറ്റിസ്, കാവസാക്കി ഡിസീസ്, ജന്മനായുള്ള തകരാറുകള്‍ എന്നിവയുമാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ലക്ഷണമാണ് കുട്ടിയില്‍ കണ്ടത്.
ശസ്ത്രക്രിയാ സമയത്ത് രക്തധമനിയുടെ ബയോപ്‌സിയെടുത്തു പരിശോധിച്ചതില്‍ പ്രായമായവരില്‍ വരുന്ന ഹൃദയാഘാതമല്ലെന്നു തിരിച്ചറിഞ്ഞു. കുട്ടികളിലെ ഹൃദയധമനികളെ ബാധിക്കുന്ന പ്രത്യേകതരം രോഗമാണിത്. ആഹാരരീതിയുമായി നേരിട്ട് ബന്ധമുള്ള അസുഖമല്ലെന്നും ഡോ ജോര്‍ജ് കോശി പറഞ്ഞു. തന്റെ സേവനകാലയളവില്‍ ഇതുവരെ ഈ പ്രായത്തിലുള്ള കുട്ടികളില്‍ ഹൃദയാഘാതം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ ഡോ വി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഡോ. കൃഷ്ണ, ഡോ. കിഷോര്‍, ഡോ. മഹേഷ്, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. ഗോപാലകൃഷ്ണന്‍, ഡോ. ഷീലാ വര്‍ഗീസ്, ഡോ. അമൃത, ഡോ. ജയശ്രീ, സ്റ്റാഫ് നഴ്‌സ് രൂപ, ടെക്‌നീഷ്യന്മാരായ അനുരാധ, നിഷാന എന്നിവരടങ്ങുന്ന സംഘം ബൈപ്പാസ് സര്‍ജറി നടത്തുകയായിരുന്നു. തുടര്‍ ചികിത്സകള്‍ക്കു ശേഷം കുട്ടിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു
Post Your Comments