തിരുവനന്തപുരം•സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ 6 വരെ നടത്തിയ അശ്വമേധം കുഷ്ഠരോഗ നിര്‍ണയ കാമ്പയിന്റെ രണ്ടാം ഘട്ടം വന്‍ വിജയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മറ്റൊരുതരത്തിലും കണ്ടുപിടിക്കാന്‍ ഇടയില്ലാത്ത 181 കുഷ്ഠരോഗികളെയാണ് ഈ കാമ്പയിനിലുടെ പുതുതായി കണ്ടുപിടിച്ച് ചികില്‍സയ്ക്ക് വിധേയമാക്കാന്‍ സാധിച്ചത്. ഇവരില്‍ 23 കുട്ടികളും കുഷ്ഠരോഗംമൂലം അംഗവൈകല്യം സംഭവിച്ച 14 പേരും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം കാമ്പയിന്‍ നടത്തിയ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 8 ജില്ലകളിലാണ് രണ്ടാം ഘട്ടം കാമ്പയിന്‍ നടത്തിയത്. കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന രംഗത്ത് നാഴികക്കല്ലായി മാറിയ ഈ കാമ്പയിന്‍ വരും വര്‍ഷത്തിലും നടത്തുന്നതാണ്. ഇതിലൂടെ സംസ്ഥാനത്തെ പരമാവധി കുഷ്ഠരോഗികളെ ചികിത്‌സയ്ക്ക് വിധേയമാക്കുന്നതിനും കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന രംഗത്തെ സുസ്ഥിരവികസന ലക്ഷ്യം കൈവരിക്കുവാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് എന്നീ സാന്ദ്രത കുറഞ്ഞ 6 ജില്ലകളില്‍ അശ്വമേധം കുഷ്ഠരോഗ നിര്‍ണയ കാമ്പയിന്‍ ഒന്നാം ഘട്ടം നടത്തിയിരുന്നു. ഇതിലൂടെ 41 കുഷ്ഠരോഗികളേയാണ് പുതുതായി കണ്ടുപിടിച്ച് ചികില്‍സ ആരംഭിക്കാന്‍ കഴിഞ്ഞത്. ഇതില്‍ അംഗവൈകല്യം സംഭവിച്ച 5 പേരും ഉള്‍പ്പെടുന്നു.
പാലക്കാട് ജില്ലയില്‍ നിന്നാണ് കൂടുതല്‍ രോഗികളെ കണ്ടെത്തിയത്. തിരുവനന്തപുരം 9, എറണാകുളം 5, തൃശൂര്‍ 17, പാലക്കാട് 70, കോഴിക്കോട് 15, മലപ്പുറം 33, കണ്ണുര്‍ 20, കാസര്‍ഗോഡ് 12 എന്നിങ്ങനെ ആകെ 181 പേരെയാണ് കണ്ടുപിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കിയത്.
പൊതുജനങ്ങള്‍ക്ക് കുഷ്ഠരോഗത്തെക്കുറിച്ച് മനസിലാക്കുവാനും രോഗലക്ഷണങ്ങള്‍ ഉളളവര്‍ പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്‌സയ്ക്ക് എത്തി പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കുവാനും അതിലൂടെ വൈകല്യങ്ങള്‍ ഒഴിവാക്കുവാക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പയയിനിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
നിറം മങ്ങിയതോ ചുവന്നതോ ആയ സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മ്മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍ എന്നീ രോഗലക്ഷണങ്ങള്‍ ഉളളവര്‍ അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി കുഷ്ഠരോഗ നിര്‍ണയം നടത്തേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Post Your Comments