തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടന വേഗം നടത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 21 മുതൽ 25വരെ പേരുകൾ മാത്രമുൾപ്പെട്ട കരട് പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കി. ജനപ്രതിനിധികളെ ഒഴിവാക്കിയും സെക്രട്ടറിമാരുടെ കാര്യത്തിൽ തീരുമാനം മാറ്റിവച്ചുമുള്ളതാണ് പട്ടിക. 16 മുതൽ 20 വരെ ജനറൽ സെക്രട്ടറിമാരും 5 വൈസ് പ്രസിഡന്റുമാരും എന്നതാണ് പുതുക്കിയ ഫോർമുല. ജനറൽസെക്രട്ടറി പട്ടികയിൽ യൂത്ത് കോൺഗ്രസിലെ സി.ആർ. മഹേഷും കെ.എസ്.യുവിലെ വി.എസ്. ജോയിയും മാത്രമാണ് യുവമുഖങ്ങളായുള്ളത്.
നിലവിലെ സെക്രട്ടറിമാർക്ക് സ്ഥാനക്കയറ്റവുമുണ്ടാകില്ല.എ, ഐ ഗ്രൂപ്പുകൾക്ക് എട്ട് മുതൽ പത്ത് വരെയും ഗ്രൂപ്പുകൾക്കതീതമായ വിഭാഗത്തിന് നാല് മുതൽ അഞ്ച് വരെയും അംഗങ്ങൾ എന്ന നിലയിൽ വീതംവയ്പിനാണ് നീക്കം. ജനപ്രതിനിധികളെ ഒഴിവാക്കുമ്പോൾ നിലവിലെ വർക്കിംഗ് പ്രസിഡന്റുമാരായ രണ്ട് എം.പിമാരും പുറത്താകും. നാല്പതംഗ ചെറു എക്സിക്യൂട്ടീവിനുള്ള നിർദ്ദേശവുമുണ്ടെന്നാണ് വിവരം.അതേസമയം പട്ടികയ്ക്കെതിരെ ആക്ഷേപങ്ങളുയരുകയാണ്. ജനപ്രതിനിധികളെ ഒഴിവാക്കിയെങ്കിലും പഴയ മുഖങ്ങൾക്കാണ് പ്രാമുഖ്യമെന്നാണ് പ്രധാന ആക്ഷേപം.
അറുപത് വയസെന്ന പ്രായപരിധി ആലോചിക്കണമെന്ന ഹൈക്കമാൻഡിന്റെ നിർദ്ദേശവും പാലിക്കപ്പെടില്ല. പട്ടികയിലേറെയും 70- 75 പ്രായപരിധിയിലുള്ളവരാണ്. ചിലർ പത്തും ഇരുപതും വർഷമായി ഭാരവാഹികളായിരിക്കുന്നവരുമാണ്.സെക്രട്ടറിമാർക്ക് സ്ഥാനക്കയറ്റമില്ലാതെയും അവരെ ഒഴിവാക്കിയുള്ള പുതിയ പട്ടിക വരുമ്പോൾ ഇവർ വഴിയാധാരമാകുമെന്ന ആക്ഷേപവുമുയരുന്നു. അതേസമയം, മൂന്ന് വർഷം മുമ്പ് സ്ഥാനമൊഴിഞ്ഞ ചില മുൻ ഡി.സി.സി പ്രസിഡന്റുമാരെ ഉൾപ്പെടുത്തിയതായി സൂചനയുണ്ട്.
Post Your Comments