തിരുവനന്തപുരം: ഇനി മുതൽ സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്‍റെ വാഹന പരിശോധനക്കായി വൈദ്യുത വാഹനങ്ങളും ഉണ്ടാകും. പട്രോളിങ്ങിനായി 14 ഇലക്ട്രിക്ക് കാറുകളാണ് നിരത്തിലിറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മാസത്തിനകം ഈ വൈദ്യുത കാറുകള്‍ സേഫ് കേരള സ്‌ക്വാഡിന് കൈമാറുന്നതായിരിക്കും.
വാഹന പരിശോധനയ്ക്ക് വൈദ്യുതവാഹനങ്ങള്‍ വാടകയ്ക്കെടുക്കാനായിരുന്നു ആദ്യം നിര്‍ദേശിച്ചിരുന്നത്. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ 10 ശതമാനം വൈദ്യുത വാഹനങ്ങളാകണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. വൈദ്യുത വാഹന നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
14 കാറുകള്‍ക്കും വേണ്ട ചാര്‍ജിങ് സെന്ററുകള്‍ സജ്ജീകരിക്കുക വാഹനനിര്‍മാണ കമ്പനികള്‍ തന്നെയാണ്. സേഫ് കേരള സ്‌ക്വാഡിന്റെ ജില്ലാ കണ്‍ട്രോള്‍ റൂമുകളിലായിരിക്കും ഇവ വിന്യസിക്കുക എന്നാണ് റിപ്പോര്‍ട്ട്.
സേഫ് കേരള സ്‌ക്വാഡുകള്‍ക്കുള്ള മറ്റു 75 വാഹനങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വാടകയ്ക്കെടുക്കുമെന്നും ഇവ ലഭിച്ചാലുടന്‍ സ്‌ക്വാഡുകള്‍ 24 മണിക്കൂറും പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2018 ജൂണിലാണ് സേഫ് കേരള പദ്ധതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. സെപ്റ്റംബറില്‍ ഇതു സംബന്ധിച്ച് ഉത്തരവും വന്നു. 14 ജില്ലകളിലും ഓരോ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുമെന്നും അവിടെ ഓരോ ആര്‍ടിഒമാരെയും ഓരോ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും വീതം നിയമിക്കും എന്നായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തൊട്ടാകെ 85 സ്‌ക്വാഡുകളെയാണ് നിയമിച്ചത്. 14 ആര്‍ടിഒമാര്‍, 99 മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 255 എഎംവിഐമാര്‍ എന്നിവരെയാണ് നിയമിച്ചത്.
Post Your Comments