വാഷിങ്ടൻ: ഭീകരവാദികളെ പാലൂട്ടി വളർത്തുന്ന പാക്കിസ്ഥാന്റെ പ്രവർത്തി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഇന്ത്യയും, അമേരിക്കയും. മറ്റു രാജ്യങ്ങൾക്കെതിരായ ഭീകര പ്രവർത്തനത്തിനു പാക്കിസ്ഥാന്റെ ഒരു പ്രദേശവും ഉപയോഗിക്കുന്നില്ലെന്ന് അവർ ഉറപ്പു വരുത്തണം. മുംബൈയും പഠാൻകോട്ടും ഉൾപ്പെടെയുള്ള ഭീകരാക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയെല്ലാം നടപടി എടുക്കണമെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും പങ്കെടുത്തു. ഇന്ത്യയും യുഎസും നടത്തിയ രണ്ടാം വട്ട 2+2 ചർച്ചയ്ക്കു ശേഷം പുറത്തുവിട്ട പ്രസ്താവനയിലാണ് പാക്കിസ്ഥാനു കർശന നിർദേശം നൽകിയിരിക്കുന്നത്. ഒന്നാംവട്ട ചർച്ച കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഡൽഹിയിലാണു നടന്നത്.
അൽഖായിദ, ഐഎസ്, ലഷ്കറെ തായിബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ, ഹഖാനി ശൃംഖല, തെഹ്‌രികെ താലിബാൻ, ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി എന്നിവ ഉൾപ്പെടെയുള്ള എല്ലാ ഭീകരസംഘടനകൾക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കണമെന്നു പ്രസ്താവന ആവശ്യപ്പെടുന്നു.
Post Your Comments