തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ അരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ആയ ഐപി ബിനുവും സംഘവും വിഷമീന്‍ കണ്ടെത്തിയെന്നതായിരുന്നു വലിയ വാര്‍ത്ത. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരം നഗരത്തിലേക്കു കൊണ്ടുവന്ന മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന സംശയത്തില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു. അഞ്ചര ലക്ഷത്തോളം രൂപ വിലവരുന്ന രണ്ടര ടണ്‍ നവര മീനാണു നശിപ്പിച്ചത്.
എല്ലാ ചാനലുകളിലും മേയറും ഐപി ബിനുവും നിറഞ്ഞു നിന്നു. ഒടുവില്‍ സത്യം മറനീക്കി പുറത്തു വന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം സ്റ്റേറ്റ് അനലറ്റിക്കല്‍ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെ പരിശോധന നടത്തിയ കോര്‍പ്പറേഷന്‍ വെട്ടിലായിരിക്കുകയാണ്. വട്ടിയൂര്‍കാവില്‍ ജയിച്ച് വികെ പ്രശാന്ത് എംഎല്‍എയായപ്പോള്‍ കടകംപള്ളി സുരേന്ദ്രന്റെ ബന്ധുവായ ശ്രീകുമാര്‍ മേയറായി.
ഇതോടെയാണ് ഒഴിവ് വന്ന അരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം കുമ്മനം രാജശേഖരനെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ബിനുവിനെ തേടിയെത്തിയത്. തുടർന്ന് തന്റെ പ്രതിച്ഛായ നന്നാക്കാനായി ബിനുവും സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകരും ചേർന്ന് നടത്തിയ ഒരു സെറ്റപ്പ് ആയിരുന്നു ഈ വിഷമീൻ വേട്ട എന്നാണ് ആരോപണം.മത്സ്യം കൊണ്ടുവരുന്ന പ്രത്യേക ലോറിയിലുണ്ടായിരുന്ന 138 പെട്ടികളിലെ മത്സ്യത്തിലും ഫോര്‍മാലിന്‍ കണ്ടെത്താനുള്ള സ്ട്രിപ്പ് ഉപയോഗിച്ചായിരുന്നു പരിശോധന.
ആദ്യം പരിശോധിച്ച പെട്ടിയില്‍ ഫോര്‍മാലിന്‍ ഉണ്ടെന്ന രീതിയില്‍ സ്ട്രിപ്പില്‍ ഫലം കാണിച്ചതോടെ ലോറിയിലെ എല്ലാ പെട്ടിയും പരിശോധിച്ചു. ഇതിലെല്ലാം ഫോര്‍മാലിന്‍ ഉണ്ടെന്നായിരുന്നു ഫലം. ഇതേത്തുടര്‍ന്ന് മീന്‍ നശിപ്പിച്ചു. നഗരത്തിലെ പാങ്ങോട് മത്സ്യച്ചന്തയിലേക്കു കൊണ്ടുവന്നതായിരുന്നു മീന്‍. പട്ടത്തുവച്ചാണ് ആരോഗ്യവിഭാഗം ലോറി പരിശോധിച്ചത്. മീനില്‍ ഇട്ടിരുന്ന ഐസിലും ഫോര്‍മാലിന്റെ അംശം കണ്ടെത്തിയതായി കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു.
വൈകീട്ടോടെയാണ് ലാബില്‍നിന്നുള്ള പരിശോധനാ ഫലം വന്നത്. ഇതില്‍ ഫോര്‍മാലിന്‍ കണ്ടെത്താനായില്ലെന്നാണു ചൂണ്ടിക്കാട്ടിയിരുന്നത്. റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിനു കൈമാറിയതായാണു വിവരം. ലാബിലെ ഫലം എത്തുംമുമ്ബ് മത്സ്യം നശിപ്പിച്ചിരുന്നു. വൈകീട്ട് പിഴത്തുക വാഹനം അധികൃതര്‍ അടയ്ക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ അതോറ്റിയുടെ അംഗീകാരമുള്ള ലാബിലെ രാസപരിശോധനാ ഫലം മാത്രമാണ് കോടതിയില്‍ തെളിവായി അംഗീകരിക്കുക. ഫോര്‍മാലിന്‍ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന പ്രാഥമിക കണ്ടെത്തലായി മാത്രമേ കാണാനാവൂ എന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ തട്ടിപ്പും നടത്താം. മറുനാടൻ മലയാളി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments