ക്രിസ്റ്റ്യാനോ റൊണാൾഡോ അങ്ങനെയാണ് ആരും പ്രതീക്ഷിക്കാത്ത ഗോളുകൾ കൊണ്ട് ഇങ്ങനെ വിസ്മയിപ്പിച്ച് കൊണ്ട് ഇരിക്കും. ഇത്തവണ സിരി എയിൽ അദേഹം നേടിയ ഗോളാണ് ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ നേടുന്നത്. ഉയർന്ന് ചാടി ഒരു തകർപ്പൻ ഹെഡർ. കണ്ടു നിന്നവർ തലയിൽ കൈവച്ച് പോയി അത്രക്ക് മനോഹരമായിരുന്നു ആ ഗോൾ. 35 ആം വയസിലും റൊണാൾഡോയ്ക്ക് എങ്ങനെ ഇതു പോലെ ചാടാനാകുന്നു എന്നതാണ് എല്ലാവരും ചോദിക്കുന്ന ചോദ്യം. ഏതായാലും ഈ ഗോളും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. പൊരുതിക്കളിച്ച സാംപ്ദോറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവെന്റസ് തോൽപ്പിച്ചത്. പൗളോ ഡൈബാല 19–ാം മിനിറ്റിൽ നേടിയ ഗോളിൽ യുവെന്‍റസ് മുന്നിലെത്തി. 35–ാം മിനിറ്റിൽ ജിയാൻലൂക്ക കപ്രാരിയുടെ ഗോൾ സാംപ്ദോറിയക്ക് സമനില നൽകി. എന്നാൽ, ഒന്നാം പകുതി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ റൊണാൾഡോ നേടിയ വിസ്മയ ഹെഡർ ഗോളിൽ യുവന്‍റസ് മുന്നിലെത്തി.
സാംപ്ദോറിയയ്ക്ക് എതിരെ റൊണാൾഡോ നേടിയ ഹെഡർ ഗോൾ 2018ലെ ചാംപ്യൻസ് ലീഗിൽ റയൽ മഡ്രിഡിനായി അദ്ദേഹം നേടിയ ഗോളിനെ അനുസ്മരിപ്പിക്കുന്നതാണ്. അന്ന് 2.30 മീറ്റർ ഉയരത്തിൽ ചാടിയാണ് ക്രിസ്റ്റ്യാനോ ഷോട്ട് തൊടുത്തത്. ഇക്കുറി ചാട്ടം 2.56 മീറ്ററായി ഉയർത്തി. ഇടതുവിങ്ങിലൂടെ മുന്നേറിയെത്തിയ സഹ താരം അലക്സ് സാന്ദ്രോ സാംപ്ദോറിയ ബോക്സിലേക്ക് പന്ത് ഉയർത്തിവിടുമ്പോൾ അദേഹം പോലും ഇത്തരം ഒരു ഗോളിനെ പറ്റി ചിന്തിച്ച് കാണില്ല. ബോക്സിലേക്ക് പറന്നിറങ്ങിയ പന്തിനെ ഉയർന്നുചാടി റൊണാൾഡോ ഗോളാക്കുമ്പോൾ സ്റ്റേഡിയം ഒരു നിമിഷം നിശ്ചലമായി. ഫോമിലല്ല എന്ന വിമർശനങ്ങൾക്ക് റൊണാൾഡോ നൽകിയ ചെറിയ ഒരു മറുപടിയായി ഈ ഗോളിനെ കണ്ടാൽ മതിയെന്നാണ് ആരാധകരുടെ പക്ഷം.
Post Your Comments