ന്യൂഡല്‍ഹി: സംസ്ഥാന ലോട്ടറിയ്ക്ക് തിരിച്ചടിയായി കേന്ദ്രതീരുമാനം. സംസ്ഥാന ലോട്ടറിക്കും ഇടനിലക്കാര്‍ നടത്തുന്ന മറ്റുസംസ്ഥാന ലോട്ടറിക്കും നികുതി വര്‍ധിപ്പിച്ചതാണ് സംസ്ഥാനത്തിന് തിരിച്ചടിയായിരിക്കുന്നത്. ലോട്ടറികള്‍ക്ക് 28 ശതമാനമായി ഏകീകരിച്ചുകൊണ്ടുള്ള ജി.എസ്.ടി. കൊണ്ടുവരാനാണ് കൗണ്‍സിലിന്റെ തീരുമാനം .കേരളത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന ജി.എസ്.ടി. കൗണ്‍സില്‍ നികുതി ഏകീകരിച്ചത്.
Read Also : സംസ്ഥാന ലോട്ടറിയുടെ മറവില്‍ എഴുത്ത് ലോട്ടറി വീണ്ടും വ്യാപകമാകുന്നു
ഇതുവരെ സംസ്ഥാനങ്ങള്‍ നേരിട്ടുനടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും മറ്റുള്ളവയ്ക്ക് 28 ശതമാനവുമായിരുന്നു നികുതി. ഇതാണ് 28 ശതമാനമായി ഏകീകരിച്ചത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പുകാരണം വോട്ടിട്ടായിരുന്നു തീരുമാനം. ജി.എസ്.ടി. നിലവില്‍വന്നശേഷം ആദ്യമായാണ് കൗണ്‍സില്‍ വോട്ടെടുപ്പിലേക്ക് നീങ്ങിയത്. മിസോറം, സിക്കിം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള ലോട്ടറികള്‍ക്ക് സംസ്ഥാന ലോട്ടറിക്കൊപ്പം മത്സരിക്കാനുള്ള അവസരം നല്‍കുന്നതാണ് തീരുമാനം. ലോട്ടറിയില്‍നിന്നുള്ള ലാഭം കുറയുന്നത് കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ ഭാരമാകും. പുതിയ നികുതിനിരക്ക് മാര്‍ച്ച് ഒന്നിന് നിലവില്‍ വരും.
നികുതി ഏകീകരിക്കണമോ വേണ്ടയോ എന്നു പ്രത്യേകം പരിശോധിക്കണമെന്നു കേരളം കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന്, ചട്ടമനുസരിച്ച് വോട്ടെടുപ്പ് വേണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. എന്നാല്‍, മുന്‍കാലങ്ങളില്‍ കേന്ദ്രത്തിനെതിരേ അടിയുറച്ചുനിന്ന പഞ്ചാബും രാജസ്ഥാനും വോട്ടെടുപ്പില്‍ വിട്ടുനിന്നതോടെ നികുതി ഏകീകരണം പരാജയപ്പെടുത്താനുള്ള കേരളത്തിന്റെ നീക്കം പാളി. കൗണ്‍സിലില്‍ 17 വോട്ട് കേന്ദ്രത്തിന് അനുകൂലമായും ഏഴുവോട്ട് എതിര്‍ത്തും ലഭിച്ചു.
Post Your Comments