ആലപ്പുഴ: അറ്റുപോയ കൈ കൃത്യസമയത്ത് തുന്നിചേര്‍ക്കാനായതില്‍ ഈ 60കാരന്‍ കടപ്പെട്ടിരിയ്ക്കുന്നത് പൊലീസിനോട് . അതിനുള്ള സാഹചര്യം വിശദീകരിച്ച് ബാബു.
അല്പം താമസിച്ചിരുന്നെങ്കില്‍ ഇടതുകൈയ്ക്ക് സ്വാധീനക്കുറവുള്ള തനിയ്ക്ക് വലതുകൈയും നഷ്ടമാകുമായിരുന്നുവെന്ന് ബാബു. തടിമില്ലിലെ അറക്കവാളില്‍പ്പെട്ട് അറ്റുതൂങ്ങിയ വലതുകൈ തിരികെ തുന്നിച്ചേര്‍ക്കാനായതിന് ബാബു നന്ദി പറയുന്നത്് പോലീസിനോടാണ്. ബാബുവുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പാഞ്ഞ 108 ആംബുലന്‍സിന് ഗതാഗതക്കുരുക്കില്‍ വഴിയൊരുക്കിയത് പോലീസാണ്. ഒന്നരമണിക്കൂര്‍ വേണ്ടിടത്ത് 42 മിനിറ്റുകൊണ്ട് എത്തിക്കാനായതിനാല്‍ ശസ്ത്രക്രിയയിലൂടെ അറ്റകൈ തുന്നിച്ചേര്‍ക്കാനായി. ആലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം എന്നിവിടങ്ങളിലെ പോലീസാണ് ബാബുവിന് രക്ഷകരായത്.
ആലപ്പുഴ കൊമ്മാടി വാര്‍ഡ് കേളംപറമ്പില്‍ ബാബു(60) കൈതവനയിലെ മില്ലില്‍ തടി അറുക്കുന്നതിനിടെ ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടം. താഴെക്കിടന്ന തടിയില്‍ കാല്‍ തട്ടിയപ്പോള്‍ അറുക്കവാളിലേക്കാണ് വീണത്. അതോടെ വലതുകൈ അറ്റുതൂങ്ങി. അവിടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി അവിടെനിന്ന് കോട്ടയത്തേക്ക് റഫര്‍ ചെയ്തു. ആ സമയം വിവരമറിഞ്ഞ് മില്ലുടമയായ ജേക്കബ് ജോണുമെത്തി. 108 ആംബുലന്‍സ് പുറപ്പെടും മുമ്ബ് ആലപ്പുഴ ഡിവൈ.എസ്.പി.യെ വിളിച്ച് കാര്യം പറഞ്ഞു. പോലീസ് ഉടന്‍ ആംബുലന്‍സിന് വഴിയൊരുക്കി. ആലപ്പുഴ പോലീസ് കിടങ്ങറവരെ വഴിയൊരുക്കി. അവിടെനിന്ന് ചങ്ങനാശ്ശേരി പോലീസും പിന്നീട് കോട്ടയം പോലീസും ബാബുവിന്റെ വണ്ടിക്കു മുന്നില്‍ പാഞ്ഞു.
ഒന്നര മണിക്കൂറുകൊണ്ട് എത്തേണ്ട 57 കിലോമീറ്റര്‍ ദൂരം 42 മിനിറ്റുകൊണ്ട് പിന്നിട്ട് ബാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയാ മുറിയിലെത്തിച്ചു. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ അറ്റുപോയ കൈ തുന്നിച്ചേര്‍ത്തതായി ബാബുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിച്ച പൊതുപ്രവര്‍ത്തകന്‍ ആന്റണി എം.ജോണ്‍ പറഞ്ഞു
Post Your Comments