കോട്ടയം: ജോലി സമയം കഴിഞ്ഞതോടെ ലോക്കോ പൈലറ്റ് പാതിവഴിയില്‍ ട്രെയിന്‍ നിര്‍ത്തി ഇറങ്ങിപ്പോയി. ഇന്നലെ രാവിലെ പതിനൊന്നോടെ കോട്ടയം കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനിലാണു സംഭവം. ഇതോടെ മണിക്കൂറുകളോളം ദീര്‍ഘദൂര ട്രെയിനുകള്‍ വേഗം കുറച്ച് ട്രാക്ക് മാറി ഓടേണ്ടി വന്നു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കു പോയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ജോലി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങിപ്പോയത്. ഇതോടെ ട്രെയിൻ അനാഥമായി റെയിൽവേ പാളത്തിൽ തന്നെ മണിക്കൂറുകളോളം കിടന്നു. വൈകുന്നേരം നാലോടെ മറ്റൊരു ലോക്കോ പൈലറ്റ് എത്തിയശേഷമാണ് യാത്ര തുടര്‍ന്നത്.
കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനിലെ ദീര്‍ഘദൂര ട്രെയിനുകള്‍ കടന്നു പോകുന്ന ട്രാക്കിലാണു ഗുഡ്സ് ട്രെയിൻ നിര്‍ത്തിയിട്ടത്. എന്നാല്‍ സംഭവത്തില്‍ ലോക്കോ പൈലറ്റിന്റെ ഭാഗത്ത് വീഴ്ച്ചയില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. മേലധികാരികളെ വിവരം അറിയിച്ച ശേഷമാണ് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നും ഇറങ്ങി പോയത്. ജോലിസമയം കഴിഞ്ഞാല്‍ വിശ്രമിക്കാതെ ട്രെയിന്‍ ഓടിക്കരുതെന്നാണ് റെയിൽവേ നിയമം. ആവശ്യത്തിന് ലോക്കോ പൈലറ്റുമാര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്കു കാരണമാകുന്നതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.
Post Your Comments