Latest NewsNewsIndia

ഇത്തിഹാദ് വിമാനം ബോംബ്‌ വച്ച് തകര്‍ക്കാന്‍ ശ്രമം: സഹോദരന്മാര്‍ക്ക് 76 വര്‍ഷം ജയില്‍ ശിക്ഷ

സിഡ്നി•സിഡ്നിയില്‍ നിന്നും അബുദാബിയിലേക്ക് പറക്കുകയായിരുന്ന
ഇത്തിഹാദ് വിമാനം ഇറച്ചി ഗ്രൈന്‍ഡറില്‍ ഒളിപ്പിച്ചു വച്ച ബോംബ്‌ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് ലബനീസ് സഹോദരന്മാര്‍ക്ക് മൊത്തം 76 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് ഓസ്ട്രേലിയന്‍ കോടതി.

ഓസ്‌ട്രേലിയൻ-ലെബനൻ വംശജനനായ ഖാലിദ് ഖയാത്തിനെ 2047 വരെ പരോൾ ഇല്ലാതെ 40 വർഷം തടവിനും സഹോദരൻ മഹമൂദ് ഖയാത്തിനെ 2044 വരെ പരോള്‍ ഇല്ലാതെ 36 വര്‍ഷം തടവിനുമാണ് ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതി ചൊവ്വാഴ്ച ശിക്ഷിച്ചത്.

2017 ജൂലൈയിൽ അബുദാബിയിലേക്കുള്ള വിമാനത്തിൽ ബോംബ്, കെമിക്കൽ ഗ്യാസ് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിന് രണ്ട് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

മെയ് മാസത്തിൽ ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതി ഖാലിദിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും മഹ്മൂദിനെതിരെ വിധി പറയാൻ ജൂറിക്ക് കഴിഞ്ഞില്ല. സെപ്റ്റംബറിൽ ഇയാള്‍ കുറ്റക്കാരനാണെന്ന് വിധി വന്നതോടെ അദ്ദേഹത്തിന്റെ വിചാരണയും അവസാനിച്ചു.

സിഡ്‌നിയിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ഖാലിദ്, മഹമൂദ് ഖയാത്ത് എന്നിവരെ അറസ്റ്റ് ചെയ്തത്. ബോംബ് നിർമ്മിക്കാൻ ഉപയോഗിച്ച ഉയർന്ന ഗ്രേഡ് സ്ഫോടകവസ്തുക്കൾ തുർക്കിയിൽ നിന്നാണ് എത്തിച്ചതെന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവര്‍ ആക്രമണം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.

ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് അറിവില്ലാത്ത മൂന്നാമത്തെ സഹോദരന്റെ ലഗേജിനുള്ളിലാണ് ഇവര്‍ ബോംബ്‌ കടത്തിയത്.

സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് യുദ്ധം യുദ്ധം ചെയ്തതായി പറയപ്പെടുന്ന നാലാമത്തെ സഹോദരൻ വിദേശത്ത് നിന്ന് ഗൂഡാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്നു.

ബാഗുകൾക്ക് അമിതഭാരമുണ്ടെന്ന് എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞതിനെത്തുടർന്ന് കസ്റ്റംസ് വഴി പോകുന്നത് വളരെ അപകടകരമാണെന്ന് മനസിലാക്കിയ ഗൂഡാലോചനക്കാർ വിമാനത്താവളത്തിൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button