ശ്രീനഗർ: നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ വർദ്ധിക്കുന്നതായും ഇന്ത്യൻ സൈന്യം അതീവ ജാഗ്രത പാലിക്കണമെന്നും കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. കഴിഞ്ഞ ദിവസം കശ്മീരിലെ സുന്ദർബാനിയിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ നീക്കം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി, രണ്ട് പാകിസ്ഥാൻ സ്പെഷ്യൽ സർവീസസ് ഗ്രൂപ്പ് (എസ്എസ്ജി) കമാൻഡോകളും ഇന്ത്യൻ സൈനികരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഒരു ഇന്ത്യൻ ആർമി ജവാനും ഏറ്റുമുട്ടലിൽ വീരമൃത്യൂ വരിച്ചു . റോക്കറ്റ് ലോഞ്ചറുകളും, ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകളും പ്രയോഗിച്ചതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു . പൗരത്വ ബില്ലിന്റെ പേരിൽ ഇന്ത്യയിൽ നടക്കുന്ന പ്രശ്നങ്ങൾ മറയാക്കി രാജ്യത്ത് നുഴഞ്ഞുകയറ്റക്കാരെ എത്തിക്കാൻ പാക് ചാര സംഘടന ശ്രമിക്കുമെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ആസാമിൽ കെട്ടടങ്ങി. ട്രെയിൻ സർവീസും മൊബൈൽ ഇന്റർനെറ്റും ഉടൻ തന്നെ പ്രവർത്തനക്ഷമമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ബംഗാളിൽ റോഡ്, റെയിൽവേ ഗതാഗതം സമരക്കാർ തടസ്സപ്പെടുത്തി. അക്രമം നടത്തിയതിന് ഇതുവരെ 354 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തര ബംഗാളിലേക്ക് ട്രെയിനുകൾ ഓടുന്നതേയില്ല. പൗരത്വ നിയമ ഭേദഗതിയോടും ദേശീയ പൗര പട്ടികയോടും പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തി ബംഗാൾ സർക്കാർ ദേശീയ ജനസംഖ്യാ റജിസ്റ്ററിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
ഗുവാഹത്തിയിലും മറ്റും ഇപ്പോൾ കർഫ്യു നിലവിലില്ല. കടകമ്പോളങ്ങൾ പതിവുപോലെ പ്രവർത്തിച്ചു. ഗതാഗതവും പഴയപടിയായി. ഏതാനും ട്രെയിൻ സർവീസുകളും പുനരാരംഭിച്ചു. എന്നാൽ മൊബൈൽ ഇന്റർനെറ്റ് സംവിധാനം എല്ലായിടത്തും പുനഃസ്ഥാപിച്ചിട്ടില്ല.
Post Your Comments