കിണറില്‍ വീണ മൂന്ന് വയസുകാരി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം മുട്ടിക്കുളങ്ങര വെള്ളിക്കോട്ടാണ് മൂന്നു വയസ്സുകാരി കിണറ്റില്‍ വീണത്. രക്ഷകരായി തക്ക സമയത്തെത്തിയ യുവാക്കളാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മുറ്റത്തെ കിണറിനരികില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരിയെ കാണാതായപ്പോള്‍ വെറുതെയൊന്നു കിണറ്റിലേക്ക് നോക്കിയതാണ് അമ്മ. കണ്ടത് വെള്ളത്തില്‍ വീണു കൈകാലിട്ടടിക്കുന്ന കുട്ടിയെ ആയിരുന്നു. അലമുറ കേട്ടു സമീപവാസി ഓടിയെത്തിയെങ്കിലും ഈയിടെ ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ കിണറ്റിലിറങ്ങാനായില്ല.
ഇരുവരുടെയും ബഹളം കേട്ടാണ് സമീപവാസികളായ സി.വി. വിശാരതും ടി.സി. ഹരീഷുമാണ് സ്ഥലത്തേക്ക് എത്തിയത്. വിശാരത് എഫ്എസ്ആര്‍ഐ അക്കാദമിയില്‍ റോളര്‍ സ്‌കേറ്റിങ് പരിശീലകനും ഹരീഷ് വാദ്യകലാകാരനുമാണ്. വീഴ്ചയിലുണ്ടായ ചെറിയ മുറിവുകള്‍ മാത്രമാണ് കുട്ടിക്കുള്ളത്. ‘മക്കള്‍ രണ്ടുപേരും മുറ്റത്തു കളിക്കുന്നതു കണ്ടാണു വീടിനു പിന്നിലേക്കു പോയത്. മൂത്തമകളും അങ്ങോട്ടു വന്ന സമയത്ത് കിണറിന്റെ ആള്‍മറയുടെ ഉയരം കുറഞ്ഞ ഭാഗത്തേക്കു നീങ്ങിയതാണ് ഇളയ കുട്ടി. കിണറ്റിലേക്കു വീണ ശബ്ദമൊന്നും കേട്ടില്ല. മുന്‍വശത്തേക്കു വന്നപ്പോള്‍ കിണറിലിട്ട വല മുറിഞ്ഞുകിടക്കുന്നതു കണ്ടു നോക്കിയതാണ്. കരയാന്‍ പോലുമാകാതെ കൈകാലിട്ടടിക്കുന്ന കുട്ടിയെയാണു കണ്ടത്. കിണറ്റിലേക്കു നോക്കാന്‍ തോന്നിയതും യുവാക്കളുടെ ധൈര്യവും അവളെ രക്ഷിച്ചു. ഇത് അവളുടെ രണ്ടാം ജന്മമാണ്’ അമ്മ പറയുന്നു.
Post Your Comments