തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നത് മൃഗീയമായി. തലകീഴായി കെട്ടിയിട്ട് തല്ലിച്ചതച്ച് മുറിവില്‍ മുളകുപൊടി വിതറുകയും ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അജേഷിനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്.
40,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രധാന പ്രതിയായ ജിനേഷ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ അജേഷിനെ പിടിച്ചുകൊണ്ടുപോയി വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദിച്ചത്. നടുറോഡില്‍ നിന്ന് സംഘം ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയി വീട്ടിലെത്തിച്ച ശേഷം മര്‍ദിക്കുകയായിരുന്നു. അജേഷിന്റെ വീട്ടുപരിസരത്ത് നിന്ന കമ്പുകള്‍ വെട്ടിയും മര്‍ദ്ദിച്ചു. കമ്പുകള്‍ ഒടിയുമ്പോള്‍ വീണ്ടും കമ്പുകള്‍ വച്ച് അടിക്കുകയും കൂടതെ അടുക്കളയില്‍ തലകീഴായി കെട്ടി നിര്‍ത്തുകയും ചെയ്തു. മര്‍ദനത്തിനിടെ ലോഹക്കമ്പി പഴുപ്പിച്ച് ജനനേന്ദ്രിയത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ച് മുറിവില്‍ മുളക്‌പൊടി വിതറി. നിലവിളി ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണിതിരുകി കയറ്റി. നീണ്ട ആറര മണിക്കൂര്‍ ക്രൂരതയ്ക്ക് ശേഷം മൊബൈല്‍ ഫോണ്‍ കിട്ടാത്തതിനെ തുടര്‍ന്ന് സംഘം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് നിരങ്ങി നീങ്ങി വയലിലെത്തിയ അജേഷ് കുഴഞ്ഞുവീഴുകയായിരുന്നു. തെരുവ് നായ്ക്കള്‍ അക്രമിക്കാനെത്തിയതോടെയാണ് നാട്ടുകാര്‍ അറിഞ്ഞതും തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ ആശുപത്രിയിലെത്തിച്ചതും. ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണ് അജേഷ് മരിച്ചത്. ഓട്ടോഡ്രൈവര്‍മാരും അജേഷിന്റെ അയല്‍വാസിയായ ഒരു യുവാവും അടക്കം അഞ്ച് പേരെയാണ് റിമാന്‍ഡ് ചെയ്തത്.
രണ്ടു വര്‍ഷം മുന്‍പു വരെ വാര്‍ക്കപ്പണിക്കാരനായിരുന്ന അജേഷിനെ ലഹരിയോടുള്ള ആസക്തി അടിമുടി മാറ്റി. പ്രദേശത്തെ അറിയപ്പെടുന്ന കരാറുകാരനായിരുന്ന മണിയനു കീഴിലായിരുന്നു അജേഷ് വാര്‍ക്കപ്പണിയില്‍ തിളങ്ങിയത്. ലഹരിയോടുള്ള പ്രിയം ഏറിയതോടെയാവണം പണിക്കു പോകാതായതെന്ന് നാട്ടുകാര്‍ പറയുന്നു. കമ്മലും മറ്റുമണിഞ്ഞ് രൂപഭാവങ്ങളോടെ അജേഷിനെ നാട്ടുകാര്‍ കാണാന്‍ തുടങ്ങി.
പണി പൂര്‍ത്തിയാകാത്ത ചെറിയ വീട്ടില്‍ ഒറ്റക്കായിരുന്നു അജേഷിന്റെ വാസം. വഴിയോരങ്ങളില്‍ നിന്നായിരുന്നു ഭക്ഷണമെന്നും നാട്ടുകാര്‍ പറഞ്ഞു. ചിലപ്പോഴെങ്കിലും മാനസികാസ്വാസ്്ഥ്യം കാട്ടിയിരുന്നുവെന്നും പ്രദേശവാസികള്‍. ഇതുവരെയും മോഷണ ആരോപണം ഈ യുവാവിനെതിരെ കേട്ടിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. ഈ ആരോപണത്തിന്റെ പേരില്‍ കൊടിയ മര്‍ദനമേറ്റ് അജേഷിന് ജീവന്‍ വെടിയേണ്ടി വന്ന സംഭവം നാട്ടുകാരില്‍ ഞെട്ടലുണ്ടാക്കി.
സംഭവത്തില്‍ മലപ്പുറം സ്വദേശി സജിമോന്‍ (35), ജിനേഷ് വര്‍ഗീസ് (28),ഷഹാബുദ്ദീന്‍ (43),അരുണ്‍ (29),സജന്‍ (33), റോബിന്‍സണ്‍ (39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്.
Post Your Comments