കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേയും എന്‍ആര്‍സിക്കെതിരേയുമുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കോഴിക്കോട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ടു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ഹൈക്കോടതി നിര്‍ദേശത്തിനു വിരുദ്ധമായാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നും അത് പിന്‍വലിക്കണമെന്നും നേരത്തെ സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു.
ഹര്‍ത്താല്‍ അനുകൂലികള്‍ ഇതിന് തയാറാകാതിരുന്നതോടെ യാതൊരു വിധ അക്രമ ശ്രമങ്ങളും അനുവദിക്കില്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വാഹനങ്ങള്‍ തടയരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്ന് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ കൃത്യസമയം തന്നെ നടക്കുമെന്നും മാറ്റമില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സംയുക്ത സമര സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അറിയിപ്പ്.
സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചതോടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണം. കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു.ഹര്‍ത്താല്‍ ദിവസം പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്ക്കാന് അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
Post Your Comments