കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് , വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. അഴിമതി അന്വേഷിക്കാന്‍ അനുമതി നല്‍കുന്ന വിഷയത്തില്‍ ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടറേയും അന്വേഷണഉദ്യോഗസ്ഥരേയും വിളിച്ചുവരുത്തി വിശദീകരണം തേടി. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിളിച്ചുവരുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നേരത്തെ ഈ വിഷയത്തില്‍ ചില കാര്യങ്ങളില്‍ വ്യക്തത തേടി ഗവര്‍ണര്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തയച്ചിരുന്നു. അതിലും അവ്യക്തത തുടരുന്നതിനാലാണു നേരിട്ടു വിളിച്ചുവരുത്തിയതെന്നാണു വിവരം.
അഴിമതിയിലും ഗൂഢാലോചനയിലും ഇബ്രാഹിംകുഞ്ഞിനു പങ്കുണ്ടെന്നതിന്റെ തെളിവുകള്‍, എന്തുകൊണ്ടാണ് അന്വേഷണത്തിന്റെ ആരംഭത്തില്‍ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് അന്വേഷിക്കാതിരുന്നത്, അന്വേഷണത്തിന് നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതിനാല്‍ ഇപ്പോള്‍ വീണ്ടും അനുമതിയുടെ ആവശ്യമെന്തിന് തുടങ്ങിയ കാര്യങ്ങളിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയതെന്ന് അറിയുന്നു. അതേസമയം അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ തന്നെ ഗവര്‍ണറോട് അന്വേഷണത്തിനു അനുമതി തേടിയതു നിയമത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്നാണു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ നല്‍കിയത അനുമതിയുടെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ വിഷയം ഗവര്‍ണറുടെ അടുത്തേക്ക് വിടേണ്ടതില്ലെന്നാണ് നിയമജ്ഞര്‍ പറയുന്നത്. സര്‍ക്കാറിനു തന്നെ വിഷയത്തില്‍ തീരുമാനം എടുക്കാവുന്ന സാഹചര്യത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള അന്വേഷണം ഗവര്‍ണറുടെ പരിധിയിലേയ്ക്ക് വിടുന്നത്. അതിനാല്‍ ഇത് മനസിലാക്കിയാവണം ഗവര്‍ണറും തിടുക്കത്തില്‍ തീരുമാനമെടുക്കാന്‍ തയാറായിട്ടില്ല.
Post Your Comments