തൃശ്ശൂര്‍: എസ്ഐയുടെ കല്യാണം ആഘോഷിച്ചത് ‘വെള്ളത്തില്‍’. ഒടുവില്‍ പൊലീസുകാര്‍ പുലിവാല്‍ പിടിച്ചു. തൃശ്ശൂര്‍ നഗരത്തിന് തൊട്ടടുത്തുള്ള സ്റ്റേഷനിലെ 16 പോലീസുകാരാണ് എസ്‌ഐയുടെ വിവാഹം ആഘോഷിച്ച് പുലിവാല്‍ പിടിച്ചത്. വിവാഹം ആഘോഷിയ്ക്കാന്‍ സംഘം ആലപ്പുഴയില്‍ ബോട്ട് എടുത്താണ് ആഘോഷം ഗംഭീരമാക്കിയത്. സംഘാംഗങ്ങളുടെ മദ്യപാനം ഒടുവില്‍ തര്‍ക്കത്തിലും കയ്യാങ്കളിയിലും എത്തിയതോടെ, ഒരു പൊലീസുകാരന്‍ സസ്പെന്‍ഷനിലായി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് തോന്നി വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച പൊലീസുകാരനെതിരെയാണ് നടപടിയെടുത്തത്. സംഭവത്തില്‍ ഉന്നതതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
തര്‍ക്കത്തിനൊടുവില്‍ അടി പേടിച്ച് ഒരു പൊലീസുകാരന്‍ ഇറങ്ങി ഓടി. മദ്യലഹരിയിലായിരുന്ന ഇയാളാണ് സംഭവം കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചുപറഞ്ഞത്. പൊലീസുകാരനെ കാണാതായതോടെ ബോട്ടിലുണ്ടായിരുന്നവര്‍ ആശങ്കയിലായി. മദ്യലഹരിയില്‍ കായലില്‍ വീണ് അപകടം സംഭവിച്ചോ എന്നായിരുന്നു ഭയം. കരയിലിറങ്ങിയ പൊലീസുകാരന്‍ അവിടെ തങ്ങിയശേഷം പിറ്റേന്ന് പുലര്‍ച്ചെ മറ്റൊരു ബോട്ടില്‍ നഗരത്തിലെത്തി. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയും തേടി. മര്‍ദനമേറ്റതില്‍ ഇയാള്‍ പരാതി നല്‍കിയതായും സൂചനയുണ്ട്.
സംഭവത്തെപ്പറ്റി ആലപ്പുഴയിലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബോട്ടിലെ വിക്രിയകള്‍ വ്യക്തമായി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അഡ്മിറ്റായ പൊലീസുകാരനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. മദ്യപാനത്തെ തുടര്‍ന്നുണ്ടായ പ്രശ്നമാണ് കൈയാങ്കളിയിലെത്തിയതെന്നാണ് വിലയിരുത്തല്‍. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്നതിന്റെ പേരിലാണ് വിവരം വിളിച്ചറിയിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments