
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എം.പദ്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം തിയറ്ററുകളില്‍ വിജയ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകനായ ആല്വിന് ജോര്‍ജ് വി പങ്കുവച്ച കുറിപ്പ് വൈറലാവുന്നു. റിവ്യൂകളൊന്നും വായിക്കാതെ (സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടാതെ എന്നര്‍ത്ഥം) ആദ്യ ദിവസം തന്നെ സിനിമ കണ്ട ഒരാളെന്ന നിലയില്‍ മാമാങ്കത്തെ കുറിച്ച് തനിക്ക് പറയാനുള്ളതിനെ കുറിച്ചാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കുറിപ്പ് വായിക്കാം:
സൈബർ മലയാളിയുടെ മാമാങ്കമേളങ്ങൾ
നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിൽ മാമാങ്കം പുറത്തിറങ്ങി.
“ഹേയ്, ഇതെന്തു സിനിമ, ആ വഴിയെങ്ങും പോയി തല വച്ചു കൊടുത്തേക്കരുത്, പോകല്ലേ! ബോറടിച്ചു ചാകും, ഈ പണി നിർത്താൻ സമയമായെന്ന് മമ്മൂട്ടി എന്താ മനസ്സിലാക്കാത്തത്? ഉള്ളത് പറയാല്ലോ, വളരെ മോശം സംവിധാനമാണ്, എടുക്കാൻ പറ്റാത്ത പണിക്ക് പോകാതിരുന്നു കൂടേ?”
സോഷ്യൽ മീഡിയാ ലോകത്തെ പാണന്മാർ പാടിനടക്കുന്ന മാമാങ്കപ്പാട്ടുകളിലെ ആവർത്തിച്ചു കേൾക്കുന്ന ഈരടികളാണിവ. സിനിമ ഇറങ്ങിയതോടെ ചിലർ ഓപ്പൺ സർവകലാശാലകൾ തന്നെ ആരംഭിച്ചു. ഡയറക്ഷൻ, സ്ക്രിപ്റ്റിംഗ്, ക്യാമറ, വിഎഫ്എക്സ് തുടങ്ങി പലതിനെക്കുറിച്ചും ഫ്രീ ക്ലാസ്സുകളാണവിടെ.
എന്നാൽ, പാണന്മാർ ഈ പടച്ചു വിടുന്നതുപോലെയാണോ ശരിക്കും മാമാങ്കം എന്ന സിനിമ?
ഈ റിവ്യൂകളൊന്നും വായിക്കാതെ (സാഹചര്യങ്ങളുടെ സമ്മർദങ്ങൾക്ക് അടിപ്പെടാതെ എന്നർത്ഥം) ആദ്യ ദിവസം തന്നെ സിനിമ കണ്ട ഒരാളെന്ന നിലയിൽ പറയാനുള്ളത് ഇതാണ്. മാമാങ്കം ഒരു മോശം സിനിമ അല്ല!.
വിമർശകന്റെ കുപ്പായം ഒന്നഴിച്ചുവച്ചിട്ട് ഒരു ആസ്വാദകന്റെ മനസുമായി പോയി കണ്ടാൽ തീരാവുന്ന പ്രശ്നങ്ങളേ മാമാങ്കത്തിന് ഉള്ളൂ.
ആവറേജിന് മുകളിൽ നിൽക്കുന്ന ഒരു സിനിമ. സിനിമയെ, സംസ്കാരത്തെ ഒക്കെ ഇഷ്ടപ്പെടുന്ന മലയാളി കണ്ടിരിക്കേണ്ട ഒന്നാണിത്.
സമാനതകൾ ഇല്ലാത്ത മാമാങ്ക ചരിത്രം അറിഞ്ഞു വേണം സിനിമ കാണാൻ പോകാൻ. ചേര രാജാക്കന്മാരിൽ തുടങ്ങി വള്ളുവനാടൻ ഭരണാധികാരികളിലൂടെ തുടർന്നുവന്ന, 12 വർഷത്തിൽ ഒരിക്കൽ നടന്നിരുന്ന മഹാ ഉത്സവം. അതാണ് മാമാങ്കം. ഉത്സവസമയത്ത് അധികാരി നിലപാടുതറയിൽ എഴുന്നള്ളും. പ്രജാസംരക്ഷകനായ മന്നന്റെ അധികാര വിളംബരം. സാമൂതിരി നാട്ടുരാജ്യങ്ങളെ കീഴ്പെടുത്തിയപ്പോൾ മാമാങ്കത്തിനുള്ള അധികാരവും കൈവശപ്പെടുത്തി. എന്നാൽ, അഭിമാനികളായ വള്ളുവനാടൻ പോരാളികൾക്ക് അത് ഒരിക്കലും അംഗീകരിക്കാൻ ആവുമായിരുന്നില്ല. പിന്നീടുള്ള മാമാങ്കങ്ങളിൽ അവർ ആയുധവുമായി പോയി. നിലപാട് നിൽക്കുന്ന സാമൂതിരിയെ വധിച്ച് വള്ളുവനാടിന്റെ മാനം കാക്കാൻ! ഒന്നും രണ്ടുമല്ല, മുപ്പതിനായിരവും നാല്പതിനായിരവും ഒക്കെ പടയാളികളെ ആണ് അവർക്ക് നേരിടേണ്ടി വന്നത്. മരിക്കുമെന്ന് ഉറപ്പായിരുന്നിട്ടും അവർ പിന്മാറിയില്ല. ചില ചാവേറുകൾ സാമൂതിരിയുടെ അടുത്തു വരെ എത്തി എന്നു ചരിത്രം.
ചരിത്രത്തിലെ പ്രശസ്തമായ ചാവേർ കഥകളെ പലതിനെയും ഒരുമിപ്പിച്ചാണ് മാമാങ്കം ഒരുക്കിയിരിക്കുന്നത്. അവയെ മനോഹരമായ മറ്റൊരു കഥയോട് ചേർത്തു വച്ചിരിക്കുന്നു. മാമാങ്കം സിനിമയുടെ തിരക്കഥ എഴുതിയത് ആരായാലും ആ ചരിത്രത്തെ ആഴത്തിൽ അറിഞ്ഞു കൊണ്ട് തന്നെയാണ് അത് ചെയ്തിരിക്കുന്നത്. അതാണ് ഈ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണവും.
ഒരു ചരിത്ര സിനിമ എടുക്കുമ്പോൾ, അതിന് വ്യത്യസ്തമായ വീക്ഷണങ്ങൾ സ്വീകരിക്കാം. ഈ സിനിമയിൽ സ്വീകരിച്ചിരിക്കുന്ന വീക്ഷണകോൺ മനസിൽ തൊടുന്നു. മാമാങ്കത്തിന് പോകുന്ന ചാവേറിന്റെ അന്തഃസംഘർഷങ്ങളാണ് പ്രേക്ഷകന്റെ മനസിനെ പിടിച്ചുലയ്ക്കുന്നത്. മകനെ മരണത്തിലേക്ക് പറഞ്ഞയക്കുന്ന അമ്മയുടെ, ഭർത്താവിനെ കൈവിടുന്ന ഭാര്യയുടെ, അമ്മയെയും കുഞ്ഞിനെയും പിരിയുന്ന ചാവേറിന്റെ ഒക്കെ സംഘർഷങ്ങൾ നമ്മുടെ മനസിനെ മഥിക്കുക തന്നെ ചെയ്യും. ആഴത്തിലുള്ള അഭിനയമാണ് ഇവിടെ അഭിനേതാക്കൾ കാഴ്ച വച്ചിരിക്കുന്നത്.
വളരെ ഡ്രൈ ആയി പോയേക്കാവുന്ന സിനിമയെ ഹൃദമായ കഥാമുഹൂർത്തങ്ങളിലൂടെ മുന്നോട്ടു കൊണ്ടുപോകുന്നു. ഇത്തരം ചരിത്ര സിനിമകളിൽ സംഭവിക്കുന്നതിൽനിന്ന് വ്യത്യസ്തമായി സംവിധാനത്തേക്കാൾ മികച്ചു നിൽക്കുന്നത് തിരക്കഥ തന്നെ. മണിക്കുട്ടൻ അവതരിപ്പിക്കുന്ന ഒരു മുസ്ലിം കച്ചവടക്കാരന്റെ വേഷമുണ്ട്. ചാവേറായ ഉണ്ണിയുടെ ചങ്കായ ചങ്ങാതി. സ്നേഹിതന് വേണ്ടി ജീവൻ കൊടുക്കുന്ന ആ ചാവേറിന്റെ കഥയൊക്കെ കൂട്ടി ചേർത്തതാകാം. സൗഹൃദത്തിന് മുന്നിൽ ജാതിയും മതവുമെല്ലാം ഇല്ലാതായി മനുഷ്യൻ മനുഷ്യനായി മാത്രം മാറുന്ന ആ ചെറു റോളിന് പോലും ഇന്നത്തെ കാലത്ത് പ്രസക്തി ഏറെ ആണ്.
പലരും കരുതും പോലെ ഇതൊരു മമ്മൂട്ടി സിനിമ അല്ല. മമ്മൂട്ടിയേക്കാൾ കൂടുതൽ നേരം സ്ക്രീനിലുള്ളത് മറ്റു രണ്ടുപേർ, ഉണ്ണി മുകുന്ദനും മാസ്റ്റർ അച്യുതനും. ഉണ്ണി മുകുന്ദൻ തന്റെ വേഷം വളരെ മിതത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. സിനിമയുടെ രണ്ടാം പകുതിയിൽ മാസ്റ്റർ അച്യുതൻ മറ്റെല്ലാവരെയും നിഷ്പ്രഭരാക്കി കളഞ്ഞു. അവനെ നെഞ്ചോട് ചേർത്തുവയ്ക്കാതെ ഒരാൾക്കും തിയേറ്റർ വിട്ടു പോകാൻ പറ്റില്ല.. മലയാള സിനിമയിൽ ഇവനെ വച്ചുള്ള കഥകൾ ഇപ്പോൾതന്നെ പലരും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാകുമെന്നു തീർച്ച. മമ്മൂട്ടി അഭിനയിച്ചു പൂർത്തിയാക്കുന്ന വൈകാരിക രംഗങ്ങൾ, അദ്ദേഹത്തിന്റെ ഡയലോഗ് അവതരണം.. ഇതൊക്കെ കണ്ണിനും മനസിനും അനുഭവം തന്നെയാണ്.
മാമാങ്കത്തിന് പോരായ്മകൾ ഒന്നും ഇല്ലേ? തീർച്ചയായും ഉണ്ട്. ആദ്യ പകുതിയിൽ ഉപകഥയായി വരുന്ന ഒരേ സന്ദർഭത്തിന്റെ ഇരട്ട വിശദീകരണം. അത് അല്പം വലിഞ്ഞു എന്നു വേണമെങ്കിൽ പറയാം. എന്നാൽ, സാധാരണ കാഴ്ചക്കാരൻ സിനിമയുടെ വലയത്തിൽനിന്ന് പുറത്തു പോകുന്ന തരത്തിലേക്ക് അത് വളർന്നിട്ടില്ല. പോരാട്ട രംഗങ്ങൾ പലതും നിലവാരത്തിനൊത്ത് ഉയർന്നിട്ടില്ല. പദ്മകുമാറിന്റെ കഴിവിന്റെ 100 ശതമാനം സിനിമയിൽ കാണാൻ ആയില്ല എന്നു പറയാം. മമ്മൂട്ടിയുടെ ഗാനരംഗം പതിവ് പരിതാപകരമായ അവസ്ഥയിൽ തന്നെ. പക്ഷെ, ആ കഥാപാത്രത്തോട് ചേർത്തു വായിച്ചാൽ അത് അത്ര വലിയ ദഹനക്കേട് ഉണ്ടാക്കുകയുമില്ല. സിദ്ദിഖിനെ പോലെ മറ്റു പലരും അവരുടെ 100 ശതമാനത്തിലേക്ക് എത്തിയില്ല എന്നു പറയാം. എങ്കിലും ഇതിനു മുൻപ് ഇറങ്ങിയ ചരിത്ര സിനിമകൾ പലതിനേക്കാളും മികച്ചത് തന്നെയാണ് ഇത്. എന്തിന്റെ പേരിൽ ആയാലും ഇനി ഒരു യുദ്ധം ഉണ്ടാകരുത്. ഓരോരുത്തരും പലർക്കും പ്രിയപ്പെട്ടവരാണ്. ഈ ഒരു ആശയം പറഞ്ഞു വയ്ക്കുക ഇൻ അതേ കാലത്ത് വളരെ പ്രസക്തമാണ്.
സിനിമയുടെ മഹത്വത്തെ കുറിച്ച് കൊട്ടിഘോഷിക്കാൻ അല്ല ഇതെഴുതിയത്. മലയാളികൾ സൈബർ ലോകത്ത് നടത്തുന്ന പൊങ്കാല മഹോത്സവത്തിന്റെ ഭീതിപ്പെടുത്തുന്ന അവസ്ഥയെ കണ്ട് അസ്വസ്ഥത തോന്നിയത് കൊണ്ടാണ്. നമ്മൾ ആരെയും സൈബറിടത്തിൽ നിമിഷം കൊണ്ട് ഖബറടക്കി കളയും. സിനിമ ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ മമ്മൂട്ടിയുടെ ഗാനരംഗം ട്രോളുകളായി പറന്നു.
പണ്ട് പത്രക്കാരെ കളിയാക്കാൻ ഇറങ്ങിയ ഒരു തമാശ ആണ് ഇത് കണ്ടപ്പോൾ ഓർമ വരുന്നത്. വത്തിക്കാനിലെ പോപ്പ് നമ്മുടെ രാജ്യത്ത് സന്ദർശനത്തിനെത്തിയ സമയം. വിമാനത്താവളത്തിൽ ഇറങ്ങി മണ്ണിൽ ചുംബിച്ചു ഉയർന്ന അദ്ദേഹത്തോട് ഏതോ ഓർത്ത പത്രക്കാരൻ ചോദിച്ചു. ഇവിടത്തെ വേശ്യാലയങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം? അത്ഭുതപ്പെട്ട പോപ്പ് തിരിച്ചു ചോദിച്ചു. “ഇവിടെ വേശ്യാലയങ്ങൾ ഉണ്ടോ?” പിറ്റേന്നത്തെ പത്രങ്ങൾ തലക്കെട്ട് വീശി. “വിമാനം ഇറങ്ങിയ പോപ്പ് ആദ്യം ചോദിച്ചത് വേശ്യാലയങ്ങൾ ഉണ്ടോ എന്ന്!” അതിനു മുൻപും ശേഷവും പോപ്പ് പറഞ്ഞതും ചോദിച്ചതും എല്ലാം അതോടെ അപ്രസക്തം!
മമ്മൂട്ടിയുടെ ഗാനരംഗത്തെ മാത്രം ഉയർത്തിക്കാട്ടി ഈ സിനിമയെ വെട്ടിക്കീറുന്നവരോട്. ആ ഗാനരംഗത്തിനു മുൻപും സിനിമയിൽ രംഗങ്ങൾ ഉണ്ട്. ശേഷവും ഉണ്ട്. വെറും അഞ്ചു മിനിറ്റ് മാത്രം ആണ് ആ പാട്ടുരംഗം. വെറുതെ വിട്ടുകൂടെ? അല്ലെങ്കിൽ ചെവിയിൽ വിരൽ തിരുകി കണ്ണടച്ചു ഇരുന്നുകൂടെ? അതെങ്ങിനെയാണ്?
മമ്മൂട്ടി കാലോ കയ്യോ ഒന്നനക്കിയാൽ ഹാസ്യമുണ്ടാക്കാൻ വെമ്പി നിൽക്കുന്നവരാണല്ലോ നമ്മൾ.
സിനിമ കണ്ടവർക്കറിയാം, മമ്മൂട്ടിയിലെ ചാവേർ എന്നേ മരിച്ചതാണ്. നാടിന്റെയും വീടിന്റെയും ശാപം ഏറ്റുവാങ്ങിയുള്ള വനവാസമാണ് പിന്നീടയാൾക്ക്. അവിടെ അയാളുടെ പൗരുഷം അവസാനിച്ചു. ആ വികല നൃത്തത്തെ ന്യായീകരിക്കാൻ ഈ ഒരൊറ്റ കാരണം മതി.
കുന്തമെറിഞ്ഞപ്പോൾ മമ്മൂട്ടി അത് പിടിച്ചെടുത്തത് വിശ്വസനീയം അല്ല പോലും! ആകാശത്തോളം ഉയർന്നു ചാടിയത് കണ്ട് ചിരിച്ചു കണ്ണു നിറഞ്ഞതുമൂലം അടുത്ത രംഗങ്ങൾ കാണാൻ പറ്റിയില്ല പോലും!! എന്തിനാണ് നമുക്ക് ഈ കപടത? വെടിയുണ്ട പിടിച്ചെടുക്കുക, അത് തിരിച്ചെറിഞ്ഞു ആളെ കൊല്ലുക, വാൾ വീശുമ്പോൾ ചിതറുന്ന തീപ്പൊരിയിൽനിന്ന് സിഗരറ്റ് കത്തിക്കുക.. സമാന്യയുക്തിയുടെ ഏഴ് അയലത്ത് എത്താത്ത ഇത്തരം രംഗങ്ങൾ അന്യഭാഷാ ചിത്രങ്ങളിൽ കണ്ടാൽ നമ്മൾ കയ്യടിക്കും. പുളകംകൊള്ളും. ഇവിടെ അതിന്റെ നൂറിൽ ഒരംശം വന്നാൽ മഹാ അപരാധം. കൊടുത്ത കാശു പോയത്രെ! ഈ വിമർശക വീരന്മാരിൽ 90 ശതമാനവും സിനിമ കാണാതെ ആണ് പൂരപ്പാട്ട് നടത്തുന്നത് എന്നുറപ്പ്.
നമ്മുടെ സമനില നഷ്ടപ്പെട്ടത് എവിടെയാണ്? കപട ബുദ്ധിജീവി ചമയലാണിത്. അസംതൃപ്തിയുടെ തീച്ചൂളയ്ക്ക് മുകളിൽ ഇരുന്ന് അന്യനെ വാക്കുകൾകൊണ്ട് വെട്ടിക്കീറിയാൽ കിട്ടുന്ന ആ ഒരു ഉന്മാദം ഉണ്ടല്ലോ.. അത് അപകടകരമാണ്. വടക്കേ ഇന്ത്യയിൽ ആൾക്കൂട്ടങ്ങൾ എന്തിന്റെയൊക്കെയോ പേരിൽ ഹിസ്റ്റീരിയ ബാധിച്ചു ആളുകളെ തല്ലിക്കൊല്ലുന്നതിനെ അപലപിച്ചു മരിക്കും നമ്മൾ. ഇതും ഒരു ആൾക്കൂട്ട കൊലപാതകമാണെന്ന് അറിയണം. കലയെ, കലാകാരനെ കൂട്ടംകൂടിനിന്ന് ബലാത്സംഗം ചെയ്യുക, അതിൽനിന്നു കിട്ടുന്ന ആത്മസുഖത്തിൽ പുളകം കൊള്ളുക. ഈ പോക്ക് അപകടത്തിലേക്കാണ് എന്ന് നമ്മൾ ഓർക്കണം.
ഫേസ്ബുക്കിലോ മറ്റ് സോഷ്യൽ മീഡിയയിലോ തേച്ചൊട്ടിച്ചാൽ ഇല്ലാതാകുന്നതല്ല കല എന്നുറപ്പുണ്ട്. യഥാർഥ പ്രേക്ഷകൻ അതിനു പുറത്താണ്. ജീവിത സംഘർഷങ്ങളിൽ നിന്ന് അല്പനേരത്തെ ആശ്വാസത്തിനായി, ഉല്ലാസത്തിനായി തിയേറ്ററിൽ എത്തുന്ന ഒരു വലിയ വിഭാഗം ഉണ്ട്. അവന് ക്യാമറയുടെ ആംഗിളോ ഫ്രയിമുകളുടെ ചേർച്ചയോ നായകന്റെ പദചലനങ്ങളോ പ്രശ്നമാകില്ല. അവനെ വിളിച്ചു വരുത്തിയിട്ട് മുണ്ടു പൊക്കി കാണിക്കുന്ന രീതിയിൽ ഉള്ള പ്രഹസനങ്ങൾ ഉണ്ടാകരുത് എന്നു മാത്രം. അങ്ങനെ ഉണ്ടാകുന്നവ വിമർശിക്കപ്പെടുക തന്നെ വേണം. എന്നാൽ ഇത് അങ്ങനെ അല്ലല്ലോ.
ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലായതിനാൽ തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യത ഏറെ. ഒരു വശത്ത് കാശു കൊടുത്ത് എഴുതിവിടുന്ന അഭിപ്രായങ്ങൾ.. മറുവശത്ത് എന്തിന്റെയൊക്കെയോ അടിമകൾ ആക്കപ്പെട്ട അസംതൃപ്ത മനസുകളിൽനിന്ന് വരുന്ന റിവ്യൂകൾ… ഇതിനിടയിൽ യാഥാർഥ്യം മറഞ്ഞു പോകരുത്. “യേശുദാസും പാടും, പക്ഷെ പോര” എന്ന അഭിപ്രായം ആകാം. എന്നാൽ, “യേശുദാസ് പാടുകയെ ഇല്ല” എന്നു പറയുന്നത് അപകടകരമായ അഭിപ്രായമാണ്.
ഏഴാം ക്ലാസിൽ മലയാളം ഉപപാഠപുസ്തകമായി “സർക്കസും പോരാട്ടവും” എന്നൊരു പുസ്തകം പഠിക്കാൻ ഉണ്ടായിരുന്നു. മാലി (വി. മാധവൻ നായർ) എഴുതിയ ആ ക്ലാസിക് കൃതിയിലെ പോരാട്ടം എന്ന കഥയിലൂടെയാണ് ആദ്യമായി മാമാങ്കത്തെക്കുറിച്ച് വായിക്കുന്നത്. അതിലെ ചന്തുണ്ണി(പേര് അങ്ങനെ ആണെന്ന് തോന്നുന്നു) എന്ന ധീരനായ കൗമാരക്കാരൻ നടത്തിയ ചാവേർ പോരാട്ടത്തിന്റെ ഓർമകൾ ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളായി മനസിൽ ഇന്നുമുണ്ട്. സാമൂതിരിയുടെ പടയാളികളുടെ ആയുധമുനയിൽ കോർക്കപ്പെട്ടു മണ്ണ് തൊടാതെ മരിച്ചുകിടക്കുന്ന ചന്തുണ്ണിയുടെ ചിത്രം. അന്നത്തെ ഏഴാംക്ലാസ്സുകാരൻ രാത്രി കിടക്കുമ്പോൾ നിറകണ്ണുകളോടെ, ദുഃഖം തിങ്ങിയ മനസ്സോടെ ഇങ്ങനെ ഓർമിക്കുമായിരുന്നു. ചന്തുണ്ണീ, പടയാളികൾ അമ്പു തൊടുക്കുന്ന സമയത്തു നീ ഒന്നു താഴേക്ക് അമർന്നിരുന്നെങ്കിൽ… ആ ആയുധങ്ങൾക്ക് നിന്നെ തൊടാൻ കഴിയാതിരുന്നെങ്കിൽ.. നീ സാമൂതിരിയെ കൊല്ലുക തന്നെ ചെയ്തേനെ. അതായിരുന്നു വേണ്ടത്. സാമൂതിരിയോട് അന്ന് തോന്നിയ അടങ്ങാത്ത പകയുണ്ട്. അത് ഇന്നും അല്പം പോലും കുറഞ്ഞിട്ടില്ല. അന്ന് ഭാവനയിൽ കണ്ട ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളെ തനിമ ചോരാതെ നിറങ്ങൾ ചേർത്ത ഫ്രയിമുകളിൽ കാട്ടിത്തന്നതിന് മാമാങ്കം ടീമിന് അഭിനന്ദനങ്ങൾ!!
കാണാൻ പോകുന്നവരോട് ഒരു കാര്യം. അല്പം ചരിത്രം നോക്കുക. മുൻധാരണകളെ ഭദ്രമായി വീട്ടിൽ പൂട്ടി വച്ചിട്ട് ഇറങ്ങുക. കാണുക!
വാൽക്കഷ്ണം: “അമ്മേ, കുറച്ചു വെള്ളം തന്നേ” എന്നത് ചരിത്ര നായകന്മാരും കൂട്ടാളികളും പറയുമ്പോൾ “അല്ലയോ മാതാവേ, കുറച്ചു ശുദ്ധജലം തന്നാലും” എന്നാകും.ഈ സ്ഥിരം രീതി ഇനിയെങ്കിലും ഒന്നു മാറ്റാൻ പറ്റുമോ..? പറ്റില്ല അല്ലെ…
Post Your Comments